എളമരം പാലത്തിലൂടെ ബസ്​ പെർമിറ്റ്​ അനുവദിക്കാതെ കോഴിക്കോട്​ ആർ.ടി.എ മുതലാളിമാരുമായി ഒത്തുകളിക്കുന്നു: ആക്ഷൻ കമ്മിറ്റി

Kozhikode

കോഴിക്കോട്​: സെൻ​ട്രൽ റോഡ്​ ഫണ്ടിൽ 35 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച എളമരം പാലത്തിലൂടെയുള്ള ബസ് പെർമിറ്റ് അപേക്ഷകൾ ബസ് മുതലാളിമാരുടെ സ്വാധീനങ്ങൾക്കു വഴങ്ങി കോഴിക്കോട് ആർ.ടി.എ നിരസിച്ചതിനെതിരെ എളമരം ജനകീയ ആക്ഷൻ കമ്മിറ്റി. നാട്ടുകാർ കക്ഷി, രാഷ്ട്രീയ ഭേദമന്യെ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയിട്ടും ബസ് മുതലാളിമാരുടെ അവിഹിതമായ ഇടപെടലിൽ യാതൊരു ന്യായീകരണവുമില്ലാതെയാണ്​ പെർമിറ്റ് ​അപേക്ഷ തള്ളിയത്​.

ഉദ്യോഗസ്ഥ ലോബിയും ബസ്​ മുതലാളിമാരും തമ്മിൽ ഒത്തുകളിച്ച്​ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടയുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.കോഴിക്കോട്​, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം 2022 മേയിലാണ്​ ഗതാഗതത്തിന്​ തുറന്നത്​​. പാലത്തിലൂടെ ഇരു ജില്ലകളിലേക്കും ബസ്​ സർവിസ്​ തുടങ്ങാൻ രണ്ട് ജില്ലകളിലെയും ആർ.ടി ഓഫീസുകളിൽ നാട്ടുകാർ നിരവധി തവണ കയറിയിറങ്ങുകയും ഗതാഗത മന്ത്രി, ജില്ല കലക്ടർമാർ, കെ.എസ്​.ആർ.ടി.സി ജില്ല ഓഫീസർമാർ എന്നിവരെ നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്​തു.

കോഴിക്കോട് ആർ.ടി.ഒയിൽ സമർപ്പിച്ച അപേക്ഷകൾ 2022 നവംബർറിൽ കോഴിക്കോട് ആർ.ടി.എ യോഗത്തിൽ അജണ്ടയായി വന്നിരുന്നു. ഇതിനെ ബസ് മുതലാളിമാർ സംഘടിതമായി എതിർത്തു. തുടർന്ന്​ കൂടുതൽ പഠനം ആവശ്യമാണെന്ന പറഞ്ഞ്​ അജണ്ട മാറ്റിവെച്ചു. ഇതിനെതിരെ നാട്ടുകാർ സംഘടിക്കുകയും ശക്തമായ പ്രതിഷേധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടുത്ത കോഴിക്കോട്​ ആർ.ടി.എ യോഗത്തിൽ രണ്ട് പെർമിറ്റ്​ അപേക്ഷകൾ മലപ്പുറം ആർ.ടി.എക്ക് ‘കൺകറൻസി’ക്ക് നൽകി. ഏറെ കാത്തിരിപ്പിനു ശേഷം മലപ്പുറം ആർ.ടി.എ കൺകറൻസി അംഗീകരിച്ച്​ കോഴിക്കോട് ആർ.ടി.എക്ക് തിരിച്ചയച്ചു. കഴിഞ്ഞ കോഴിക്കോട്​ ആർ.ടി.എ യോഗത്തിൽ ബസ് ഉടമകളുടെ ആവശ്യം ഏകപക്ഷീയമായി അംഗീകച്ച്​ പെർമിറ്റ്​ അപേക്ഷകൾ തള്ളുകയാണുണ്ടായത്​​.​

റൂട്ടിൽ നിരവധി പെർമിറ്റുകൾക്ക് ഇതിനകം​ അംഗീകാരം നൽകിയിട്ടുണ്ടെന്ന്​ തെറ്റായി രേഖപ്പെടുത്തിയാണ്​ അപേക്ഷ തള്ളിയത്​. ഇതി​നിടെ ആർ.ടി.എ നിലപാട്​ തങ്ങളുടെ വിജയമായി ബസ്​ ഉടമകൾ ആഘോഷിച്ചതിന്‍റെ തെളിവുകൾ തങ്ങൾ ചോർന്നുകിട്ടിയതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പാലത്തിലൂടെ ബസ്​ സർവിസ്​ ആരംഭിക്കാത്തതിനാൽ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന്​ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം അവഗണിച്ച്​ ബസ്​ ഉടമകളുടെ ഇംഗിതത്തിന്​ വഴങ്ങി പെർമിറ്റ്​ അപേക്ഷകൾ തള്ളിയ ആർ.ടി.എ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്​ കമ്മിറ്റി ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ സലാം എളമരം, കൺവീനർ ടി.പി. ഇസ്മായിൽ, ട്രഷറർ പി. മജീദ്​, ജൈസൽ എളമരം എന്നിവർ പ​ങ്കെടുത്തു.