വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി

Kasaragod

കാസര്‍കോട്: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കി. കുട്ടി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇന്നുരാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയിലാണെന്നും പ്രദേശത്തെ ലഹരി മാഫിയാ സംഘത്തിലുള്ളവരാണ് ഇവരെന്നുമാണ് സംശയം.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വര്‍ണ കമ്മല്‍ കവര്‍ന്നശേഷം പീഡിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഈ വഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

വീട്ടില്‍ നിന്നും കുറച്ചകലെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ കാണാതായതറിഞ്ഞ് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണര്‍ത്തി കാര്യം പറയുകയായിരുന്നു. ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.