യുവതിക്ക് വിവാഹത്തില്‍ താത്പര്യമില്ല, യുവാവ് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി

Crime

ബംഗളൂരു: യുവാവ് നടത്തിയ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്ന യുവാവ് ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത്.

കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. ഗിരീഷ് സാവന്ത് ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ ഏറെനാളായി യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി പറയുന്നു. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ നേരത്തെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീട്ടിലെത്തി പ്രതി യുവതിയെ കൊലപ്പെടുത്തിയത്.

വീടിനകത്ത് അതിക്രമിച്ചുകയറിയ പ്രതി തനിക്കൊപ്പം മൈസൂരുവിലേക്ക് വരണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. യുവതിയെ തനിക്കൊപ്പം വിട്ടയക്കണമെന്ന് യുവതിയുടെ മുത്തശ്ശിയോടും ആവശ്യപ്പെട്ടു. യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് പ്രതി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചത്. അഞ്ജലിയെ പ്രതി നിരവധി തവണ കുത്തി. ഒരു കാന്റീനില്‍ ജോലിചെയ്തിരുന്ന അഞ്ജലി സഹോദരിക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു.