കൊണ്ടോട്ടി: സ്വന്തം മരണത്തെ സമരായുധമാക്കി റസാഖ് പയമ്പ്രോട്ട് കടന്നുപോയെങ്കിലും അദ്ദേഹം ഉയര്‍ത്തിയ മൂല്യങ്ങളും വിട്ടേച്ചുപോയ നന്മകളും ഇന്നും പ്രസക്തമാണ്. അതുകൊണ്ട് തന്നെ റസാഖ് പ്രത്യക്ഷത്തില്‍ ഇന്ന് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം ദൃശ്യവുമാണ്. റസഖ് പയമ്പ്രോട്ട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ രണ്ട് പുസ്തകങ്ങളിലായി പകര്‍ത്തിയിരിക്കുകയാണ് ഭാര്യ സി കെ ഷീജ. റസാഖ് പയമ്പ്രോട്ടിന്റെ പുസ്തക പ്രസാധന സംരംഭമായ ‘വര’ പബ്ലിക്കേഷനാണ് രണ്ട് പുസ്തകങ്ങളും പുറത്തിറക്കുന്നത്. റസാഖ് പയമ്പ്രോട്ടിന്റെ ഓര്‍മ്മദിനമായ മെയ് 26നാണ് പുസ്തകം പ്രസാധനം ചെയ്യുന്നത്. പുളിക്കല്‍ ലേ ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരമാണ് പ്രകാശന കര്‍മ്മം നടക്കുന്നത്.

പരിസര മലിനീകരണം ചൂണ്ടിക്കാട്ടി വീടിന് സമീപത്തെ വ്യവസായ സ്ഥാപനത്തിനെതിരെ അദ്ദേഹം നല്കിയ പരാതികള്‍ ഒരു സഞ്ചിയിലാക്കി കഴുത്തില്‍ കെട്ടിത്തൂക്കിയായിരുന്നു പുളിക്കല്‍ പഞ്ചായത്തിന് മുന്നില്‍ അദ്ദേഹം ജീവനൊടുക്കിയത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ നിന്നും ഇടത് അനുഭാവിയും മാപ്പിളകലാ അക്കാഡമി മുന്‍ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ട് നേരിടേണ്ടി വന്ന നീതി നിഷേധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
റസാഖ് പയമ്പ്രോട്ട് ആരായിരുന്നു എന്തായിരുന്നു എന്നുള്ളത് പുതിയ തലമുറക്ക് കൂടെ പകര്‍ന്നു നല്‍കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുകയെന്നതാണ് പുസ്തകത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഷീജ പറയുന്നു. റസാഖ് സ്നേഹിച്ചവും റസാഖിനെ സ്നേഹിച്ചവരും എഴുതിയ ഓര്‍മ്മകള്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. മുറിച്ചിടാനാകാത്ത വരകള്‍’ എന്നാണ് ഈ പുസ്തകത്തിന് നല്‍കിയിരിക്കുന്ന പേര്. റസാഖിന്റെ ജീവിതവും എഴുത്തും സമരവും എല്ലാം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
സംവിധായകന് സിബി മലയില്‍, നിര്‍മാതാവ് സിയാദ് കോക്കര്‍, ടി കെ ഹംസ, എം എന്‍ കാരശ്ശേരി, കെ ഇ എന്‍ കുഞ്ഞമ്മദ്, ഡോ ആസാദ്, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, എം എം സചീന്ദ്രന്‍, മണമ്പൂര്‍ രാജന് ബാബു തുടങ്ങി 91 പേരുടെ എഴുത്തുകള്‍ അടങ്ങിയതാണ് ഈ പുസ്തകം.

റസാഖ് പയമ്പ്രോട്ട് പലകാലങ്ങളില്‍ പല വിഷയങ്ങളെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ രണ്ടാമത്തെ പുസ്തകത്തിന് ‘റസാഖിന്റെ വര്‍ത്തമാനങ്ങള്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. റസാഖ് പയമ്പ്രോട്ടിന്റെ രാഷ്ട്രീയവും നിലപാടുകളും സംസ്കാരവും എല്ലാം ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.
റസാഖിന്റേത് പ്രാണ ത്യാഗമാണ്. അതൊരു സമരമുറ തന്നെയാണ്. നീതി നിഷേധിക്കപ്പെടുന്നിടത്തെല്ലാം അദ്ദേഹം ഇടപെടാറുണ്ട്. ഒടുവില്‍ ഇടപെട്ട മാലിനീകരണത്തിനെതിരെയുള്ള സമരത്തില്‍ പരാതിയുമായി അദ്ദേഹം മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ നീതി നിഷേധിക്കുന്ന സമീപനമാണ് ഇവിടങ്ങളിലെല്ലാം അദ്ദേഹം നേരിടേണ്ടി വന്നത്.
റസാഖ് വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വമാണ് അദ്ദേഹത്തിന് നീതി നിഷേധിച്ചതെന്ന് ഷീജ പറയുന്നു. നീതിക്കായി അദ്ദേഹം നടത്തിയ സമരത്തിന് അദ്ദേഹത്തിന്റെ ജീവന് തന്നെയാണ് ഈ നേതാക്കള്‍ വിലയായി സ്വീകരിച്ചത്.
തങ്ങളുടെ കാലശേഷം വീട് പാര്‍ട്ടിക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഈ പ്രശ്നത്തോടെ അത് വേണ്ടെന്ന് വെച്ചു. സി പി എം ജില്ലാ സെക്രട്ടറിക്ക് നല്കാന് റസാഖ് ഏല്‍പ്പിച്ചിരുന്ന കത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയതായും ഷീജ പറയുന്നു.
എഴുത്തും വായനയും റസാഖിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതില്ലാതെ റസാഖിനെ സങ്കല്‍പ്പിക്കാനാവില്ല. അതുതന്നെയാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് തയ്യാറായതെന്ന് ഷീജ വ്യക്തമാക്കുന്നു. കൂടാതെ റസാഖ് ആരംഭിച്ച ‘വര’ പബ്ലിക്കേഷന്‍ സജീവമായി നിലനിര്‍ത്തുക എന്ന ലക്ഷ്യംകൂടെ ഇതിന് പിന്നിലുണ്ട്.