മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നവജാത ശിശു പരിപാലനത്തിലെ നൂതന ആശയങ്ങളും സാങ്കേതിക മുന്നേറ്റവും എന്ന വിഷയത്തിൽ സംസ്ഥാന തല ഏകദിന ശില്പശാല സംഘടിപ്പിച്ചു.നവജാത ശിശുക്കളുടെ, പ്രത്യേകിച്ച് അസുഖമുള്ള അല്ലെങ്കിൽ മാസം തികയാതെ ജനിച്ച ശിശുക്കൾക്ക് സമ്പൂർണ പരിചരണം ഉറപ്പാക്കുന്ന ശിശുരോഗ വിഭാഗത്തിന്റെ ഒരു ഉപ വിഭാഗമാണ് നവജാത ശിശു പരിപാലനം അഥവാ നിയോനറ്റോളജി. ഇത് സാധാരണയായി നിയോനറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റുമായി (NICU) ബന്ധപ്പെട്ട മൂന്നാം തലത്തിലുള്ള (Level 3) പരിചരണം നൽകുന്ന ആശുപത്രികൾ അടിസ്ഥാനമാക്കിയുള്ള ഒരു സ്പെഷ്യാലിറ്റിയാണ്. മാസം തികയാതെയുള്ള ജനനം അല്ലെങ്കിൽ പ്രീമെച്യുരിറ്റി, കുറഞ്ഞ ജനന ഭാരം, ഗർഭാശയ വളർച്ചാ പ്രശ്നങ്ങൾ, ജനന വൈകല്യങ്ങൾ, പൾമണറി ഹൈപ്പോപ്ലാസിയ എന്നിവ പോലെയുള്ള അനേകം പ്രശ്നങ്ങൾ കാരണം പ്രത്യേക വൈദ്യസഹായം ആവശ്യമായി വരുന്ന നവജാത ശിശുക്കളാണ് നിയോനറ്റോളജിസ്റ്റിന്റെ ചികിത്സ ആവശ്യമായി വരുന്നവർ. ഈ മേഖലയിലെ പുതിയ കാൽവെപ്പുകളും കണ്ടെത്തലുകളും ചർച്ച ചെയ്യപ്പെടേണ്ടതും പ്രാവർത്തീകമാക്കേണ്ടതും വയനാട് ജില്ലയുടെ ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളാം അത്യന്താപേക്ഷിതമാണ്.
കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കോൺഫറൻസിൽ വിവിധ ജില്ലകളിലെ കോളേജുകളിൽ നിന്നും ഹോസ്പിറ്റലുകളിൽ നിന്നുമായി 160 ൽ അധികം ആരോഗ്യ പ്രവർത്തകരും നഴ്സിംഗ് വിദ്യാർത്ഥികളും പങ്കെടുത്തു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വൈസ് ഡീൻ ഡോ എ പി കാമത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ അനീഷ് ബഷീർ, ആസ്റ്റർ മിംസിലെ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. ലിഡാ ആന്റണി, നവജാത ശിശു തീവ്ര പരിചരണവിഭാഗം മേധാവി ഡോ.ദാമോധരൻ, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ രാമു ദേവി, ഡി ജി എം സൂപ്പി കല്ലങ്കോടൻ എന്നിവർ സന്നിഹിതരായിരുന്നു.
മണിപ്പാൽ മെഡിക്കൽ കോളേജിലെ ഡോ.സോണിയ ആർ ബി ഡിസൂസ, കോഴിക്കോട് ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സജ്‌ന റ്റി പി, ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്ക് സർജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമൻ, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. കോകിൽ വൈ ദാസ്, ഡോ. അനീസ്.സി എ, സീനിയർ റസിഡന്റുമാരായ ഡോ. അഭിൻ എസ്, ഡോ. അക്ഷയ്കുമാർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ശില്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ അന്നേ ദിവസം വിതരണം ചെയ്തു. ഒപ്പം കേരള നഴ്സസ് അസോസിയേഷന്റെ 8 ക്രെഡിറ്റ് ഹവേഴ്‌സും പങ്കെടുത്തവർക്ക് ലഭിക്കുകയുണ്ടായി.