കോഴിക്കോട്: ജീവിക്കുന്ന നാട്ടിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കൻ പരമാവധി
സഹനവും വിവേകവും കാണിക്കണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനിയും ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിയും ഈദ് സന്ദേശത്തിൽ അറിയിച്ചു .ഇബ്രാഹിം പ്രവാചകന്റെ സഹനവും ത്യാഗവും ഏത് പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള പ്രചോദനമായി മാറണം.സഹനത്തിന്റെ ഫലം അന്തിമ വിജയമാണെന്ന തിരിച്ചറിവ് ഉണ്ടാകണം.
സമൂഹത്തിൽ നിരാശ പടർത്തി മുസ്‌ലിംകളെ നിഷ്ക്രിയരാക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം.വർഗ്ഗീയതയും തീവ്ര ചിന്തകളും ഒരു പോലെ അപകടമാണ്. വെറുപ്പ് ഉത്പാദിപ്പിക്കുന്നവരെ മാറ്റി നിർത്താൻ കഴിയണം. സൗഹൃദവും ഉൾകൊള്ളലുമാണ് ഈ രാജ്യത്തിന്റെ ആത്മാവെന്നു കൂടുതൽ വ്യക്തമാകുകയാണ്.വെറുപ്പിന്റെ ശക്തികൾക്ക് ജനകീയ കോടതിയിൽ വമ്പിച്ച തിരിച്ചടിയാണ് ഉണ്ടാകുന്നത്. അതിനാൽ അനീതികൾക്കെതിരെ പക്വമായ ചെറുത്ത് നിൽപ്പ് നടത്തുക.
അതിവൈകാരികതക്ക് തീ കൊടുക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എല്ലാ വിഭാഗം മനുഷ്യരുമായും സ്നേഹവും സൗഹൃദവും പങ്കിടുക.ദുർബലരെയും വേദനിക്കുന്നവരെയും സഹായിക്കുക.
വർഗീയമായി നാടിനെ വിഭജിക്കാനുള്ള ശ്രമങ്ങളെ സൗഹൃദം കൊണ്ടും സ്നേഹം കൊണ്ടും തോല്പിക്കണമെന്നും കെ എൻ എം നേതാക്കൾ പറഞ്ഞു. ഇസ്രായേലിന്റെ കൊടും ക്രൂരതകൾക്ക് ഇരയാവുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.