ഗാന്ധി കുടുംബം വയനാട് കൈവിടില്ല, കേരളത്തിന്‍റെ പ്രിയങ്കരിയാകാന്‍ പ്രിയങ്ക

India

ന്യൂദല്‍ഹി: ഗാന്ധി കുടുംബം വയനാടിനെ കൈവിടില്ല. കേരളത്തിന്റെ പ്രിയങ്കരിയാകാന്‍ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരത്തിനെത്തും. രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ ഉറപ്പിച്ചതോടെയാണ് വയനാടിലേക്ക് പ്രിയങ്ക കന്നി മത്സരത്തിനെത്തുന്നത്.

രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്താനായിരുന്നു കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങളും സ്‌നേഹം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തീരുമാനം എളുപ്പമായിരുന്നില്ലെന്നും ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ടീയം മറന്ന് വയനാട്ടിലെ ജനങ്ങള്‍ തനിക്ക് സ്‌നേഹം നല്‍കി. ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാര്‍ത്ഥിയാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിനെ ഏറെ സ്‌നേഹത്തോടെ കാന്നുന്നുവെന്ന് പ്രിയങ്കയും പ്രതികരിച്ചു. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നല്‍കിയ പരിഗണന വയനാട് തനിക്ക് നല്‍കുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.