മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശിയും മരിച്ചു. ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ് ഗേറ്റില്‍ കുടുങ്ങി മരിച്ച മുഹമ്മദ് സിനാന്‍.
വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് അപ്പുറത്തേക്ക് പോവുകയായിരുന്നു. പെട്ടെന്ന് ഗേറ്റ് വന്നടയുകയും കുട്ടി അതനുള്ളില്‍ കുരുങ്ങുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.