കോഴിക്കോട്. കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളുടെ സന്നദ്ധ വിഭാഗമായ ആസ്റ്റർ വളണ്ടിയേഴ്‌സ് നബാർഡിൻ്റെ സഹകരണത്തോട് കൂടി നടത്തുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിൽ പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചു. നിലവിൽ ആസ്റ്ററിൻ്റെ വിവിധ ആശുപത്രികളിലായി 19ബാച്ച് ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ് കോഴ്സുകൾ പൂർത്തീകരിച്ചതിന് ശേഷമാണ് പുതുതായി ജീഡിയാട്രിക് കെയർ ആൻ്റ് റിഹാബ് അസിസ്റ്റൻ്റ് കോഴ്സുകൾ പ്രഖ്യാപിച്ചത്. കോഴിക്കോട് മിംസ് ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും, പതിനഞ്ചാമത് ബാച്ച് ജി ഡി എ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുളള സർട്ടിഫിക്കറ്റ് വിതരണവും എം കെ രാഘവൻ എം.പി നിർവ്വഹിച്ചു . നിലവിൽ ജി ഡി എ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ വിദ്യാർഥികൾക്കും ആസ്റ്റർ ഹോസ്പിറ്റലുകളിൽ ജോലി ഉറപ്പാക്കിയിട്ടുണ്ടെന്നും തുടർന്നും കോഴ്സുകൾ പൂർത്തീകരികുന്ന വിദ്യാർത്ഥികൾക്ക് ജോലി നൽകുമെന്നും മിംസ് ആശുപത്രി എച്ച് ആർ മാനേജർ ബ്രിജു മോഹൻ പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികൾക്കും മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനം നൽകി എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നബാർഡ് ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതെന്ന് നബാർഡ് ജില്ലാ ഡെവലപ്മെൻ്റ് മാനേജർ രാകേഷ് പറഞ്ഞു. ചടങ്ങിൽ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം കെ വി,റീജനൽ നഴ്സിങ് ഓഫീസർ ഷീലാമ്മ ജോസഫ്, മെഡിക്കൽ സർജിക്കൽ വിഭാഗം മേധാവി മേരി എലിസബത്ത്, നഴ്സിങ് എഡ്യൂകേറ്റർ അതുല്യ തുടങ്ങിയവർ പങ്കെടുത്തു.