ഫാറൂഖ് കോളെജ് : വിദ്യാർത്ഥികൾ പാഠ്യ വിഷയങ്ങളഭ്യസിക്കുന്നതിനോടൊപ്പം സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ തിരിച്ചറിവുകൾ നൽകുന്ന വായനകൾ പരിപോഷിക്കപ്പെടണമെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അക്കാഡമിക് കമ്മിറ്റി ( പി.ജി. അറബിക് ) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. റൗസത്തുൽ ഉലൂം അറബിക് കോളേജ് ലൈബ്രറി സ്ഥാപിച്ച ‘വായനക്കൂട്ടം റീഡേഴ്സ് ഫോറം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ യുഗത്തിലും പ്രിന്റഡ് പുസ്തകവായന പ്രോത്സാഹിപ്പിക്കണമെന്ന് കോളെജ് മുൻ പ്രിൻസിപ്പാൾ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ ആശ്രമം മഠാധിപതിയും സെക്രട്ടരിയുമായ സ്വാമി നരസിംഹാനന്ദ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് പ്രദേശങ്ങളിലെ പിന്നാക്കം നിന്നിരുന്ന മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് ശ്രീരാമകൃഷ്ണമിഷൻ സ്ഥാപനങ്ങൾ ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് സ്ഥാപനങ്ങളുടെയും ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപനങ്ങളുടെയും സ്ഥാപക ലക്ഷ്യം സമാനമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇരു സ്ഥാപനങ്ങളും സ്തുത്യർഹമായ സേവനമാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങളുൾക്കൊള്ളുന്ന പുസ്തക ശേഖരം അദ്ദേഹം റൗസത്തുൽ ഉലൂം അറബിക് കോളേജ് ലൈബ്രറിക്ക് സംഭാവന ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷഹദ് ബിൻ അലി അദ്ധ്യക്ഷനായിരുന്നു.


വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. യൂസുഫ് നദ് വി, ലൈബ്രറി അഡ്വൈസറി കമ്മറ്റി കൺവീനർ ഡോ. അയ്മൻ ഷൌഖി, സ്റ്റാഫ് കൌൺസിൽ സെക്രട്ടറി പ്രൊഫ. ഉസ്മാൻ ഫാറൂഖി, ആർ.കെ. മിഷൻ അധ്യാപകരും റൗസത്തുൽ ഉലൂം പൂർവ വിദ്യാർത്ഥികളുമായ അബ്ദുസ്സലാം കാവുങ്ങൽ, ജംഷീറ എൻ.വി, മുഹമ്മദ് ആഷിഖ് പി, ഷിറിൻ കെ, ലൈബ്രേറിയൻ ഷരീഫ് പുന്നശ്ശേരി, റീഡേഴ്സ് ഫോറം കോർഡിനേറ്റർ ഷാബി സുഹൈൽ, ബഹീജ എം.ടി, മിൻഹ സലീം തുടങ്ങിയവർ സംസാരിച്ചു.