മാപ്പിളകലാ പഠന കോഴ്‌സുകള്‍ സെപ്തംബറില്‍ ആരംഭിക്കും

Malappuram

കൊണ്ടോട്ടി: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിനു കീഴില്‍ പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകള്‍ സെപ്റ്റംബറില്‍ തുടങ്ങും. കോഴ്‌സുകളില്‍ ചേരുന്നതിന് അക്കാദമി നേരിട്ട് നടത്തുന്ന അക്കാദമിയുടെ കൊണ്ടോട്ടി, നാദാപുരം കേന്ദ്രങ്ങള്‍ക്കുപുറമെ അക്കാദമിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലും സൗകര്യമുണ്ട്.

മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജികളിലായി നിലവില്‍ എട്ട് സ്ഥാപനങ്ങള്‍ അഫിലിയേഷന്‍ നേടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന് രണ്ടുവര്‍ഷത്തെയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട്, തുടങ്ങിയ കലകള്‍ക്ക് ഒരു വര്‍ഷത്തേക്കുമുള്ള പാര്‍ട് ടൈം ഡിപ്ലോമ കോഴ്‌സുകളാണ് തുടങ്ങുന്നത്. സ്‌കൂള്‍, കോളേജ് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്ക് പോകുന്നവര്‍ക്കും പഠനത്തിനും ജോലിക്കും മുടക്കം വരാത്ത തരത്തിലുള്ള സമയക്രമമാണ് മാപ്പിള കലാപഠന കോഴ്‌സുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്.

കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 31-ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 10-മുതല്‍ 25-വയസ്സുവരെയാണ് അപേക്ഷിക്കേണ്ട പ്രായപരിധി. ഉയര്‍ന്ന പ്രായപരിധിയില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി ഇളവ് അനുവദിക്കും. അഫിലിയേറ്റഡ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ അക്കാദമി ഓഫീസുമായി നേരിട്ടോ(0483 2711432/ 7902 711432) അക്കാദമി വെബ്‌സൈറ്റ് (mappilakalaacademy.org) മുഖേനയോ ലഭിക്കുന്നതാണ്.