കോഴിക്കോട്: നട്ടെല്ല് സംബന്ധമായ പ്രശ്‌നത്തിന് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. നട്ടെല്ലിന് തള്ളിച്ചയും അതു സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളുമായി വന്ന മുപ്പതുകാരിക്കാണ് ഫുള്ളി എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ ആയതുകൊണ്ട് 24 മണിക്കൂറിനകം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്തു. പുറം വേദന കഠിനമായി കാലുകളുടെ ബലക്ഷയത്തിനും മൂത്രതടസ്സത്തിനും കാരണമാകുന്ന ഘട്ടത്തിലാണ് ഫുള്ളി എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി ചെയ്തത്.
ഇത്തരം ശസ്ത്രക്രിയകള്‍ കഴിഞ്ഞാല്‍ പത്തു ദിവസത്തിനകം ജോലിക്ക് പോകാന്‍ സാധിക്കും. മൂന്നു മാസം കഴിയുന്നതോടെ പൂര്‍ണ്ണമായും സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനും കഴിയുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപ്പീഡിക് ആന്റ് സ്‌പൈന്‍ സര്‍ജന്‍ ഡോ. ശ്രീജിത്ത് ടി ജി പറഞ്ഞു. നട്ടെല്ലിന് സാധാരണ ചെയ്യാറുള്ള ഓപ്പണ്‍ സര്‍ജറിയെക്കാൾ കുറഞ്ഞ ആശുപത്രി വാസവും വിശ്രമവും മതി ഇതിന്. വിവിധ അടരുകളായുള്ള പേശികള്‍, എല്ല്, ഞരമ്പുകള്‍, നട്ടെല്ല് തുടങ്ങിയവക്ക് ഒരു കേടും വരുത്താതെ അതിസൂക്ഷ്മമായി രോഗബാധിതമായ നട്ടെല്ലിന്റെ ഭാഗം മാത്രം നീക്കം ചെയ്യുന്ന രീതിയാണിത്.