‘മുകേഷ് രാജിവെക്കേണ്ട’ ബലാത്സംഗ കേസില്‍ എം എല്‍ എമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് സി പി എം’

Kerala

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസ് നേരിടുന്ന എം എല്‍ എ മുകേഷിനെ സംരക്ഷിച്ച് സി പി എം രംഗത്ത്. ലൈംഗീകാരോപണ കേസില്‍ പ്രതിയായാലും എം എല്‍ എമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്നാണ് സി പി എം നിലപാടെടുത്തത്. മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും സി പി എം നേതാവ് പി കെ ശ്രീമതിയും ചാനലുകളോടുള്ള പ്രതികരണത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

നേരത്തെ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെച്ചിട്ടില്ലെന്നെന്നും അതുകൊണ്ട് തന്നെ മുകേഷും രാജിവെക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇ പി ജയരാജന്‍ പറഞ്ഞത്. ലൈംഗീകാരോപണം നേരിടുന്ന മൂന്നാമത്തെ എം എല്‍ എയാണ് മുകേഷ്. ആദ്യത്തെ രണ്ട് എം എല്‍ എമാര്‍ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഇതേ നിലപാട് തന്നെയാണ് പി കെ ശ്രീമതി ടീച്ചറും സ്വീകരിച്ചത്. ആരോപണം നേരിട്ട എം എല്‍ എക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാജി ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് ശ്രീമതി ടിച്ചര്‍ സ്വീകരിച്ചത്. സിനിമാ രംഗത്ത് നിലനില്‍ക്കുന്ന എല്ലാ തെറ്റായ പ്രവണതകളും ശീലങ്ങളും അവസാനിപ്പിച്ച് മേഖലയെ സംശുദ്ധമാ#്കുന്നതിനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറയുന്നു.