‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ കോണ്‍ഗ്രസ് ഇന്നുമുതല്‍ സമരം തുടങ്ങുന്നു

Kerala

തിരുവനന്തപുരം: ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഇന്നുമുതല്‍ സമരം തുടങ്ങുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായ ചലച്ചിത്ര പ്രവർത്തകർക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു് ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി സി സികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി നിര്‍വഹിക്കും.

ചന്ദ്രശേഖരൻ്റെ ലൈംഗിക പീഢന രാജിക്ക് പിന്നാലെയാണ് സമരവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്. ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി.എസ് ചന്ദ്രശേഖരന്‍ കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചിട്ടുണ്ട്. ആരോപണങ്ങള്‍ കോൺഗ്രസിനെയും ഉലയ്ക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് വി.എസ് ചന്ദ്രശേഖരന്‍ രാജിവെച്ചത്.