ദിലീപിന്‍റെ 148 മത്തെ ചിത്രം ഒരുങ്ങുന്നു; നിര്‍മ്മാണം തെന്നിന്ത്യയിലെ രണ്ട് വമ്പന്‍ ബാനറുകള്‍ ചേര്‍ന്ന്

Cinema

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കൊച്ചി: ജനപ്രിയ നായകന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. തെന്നിന്ത്യയിലെ വമ്പന്‍ ബാനര്‍ ആയ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഉടല്‍ ‘എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സംവിധാന മികവില്‍ പ്രശംസ നേടിയ രതീഷ് രഘുനന്ദന്‍ ആണ് ഈ ദിലീപ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 97 മത്തെ ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുള്ള ഇഫാര്‍ മീഡിയയുടെ പതിനെട്ടാമത്തെ ചിത്രമായിരിക്കും ഈ ദിലീപ് ചിത്രം.

ചിരഞ്ജീവിയും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ച ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദര്‍ ആണ് സൂപ്പര്‍ ഗുഡ് ഫിലിംസ് അടുത്തിടെ നിര്‍മ്മിച്ച ചിത്രം. സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ 2022 ലെ വമ്പന്‍ ഹിറ്റായി മാറിയ ‘പാപ്പന്‍ ‘എന്ന ചിത്രത്തിനു ശേഷം ഇഫാര്‍ മീഡിയ ഒരുക്കുന്ന ചിത്രമായിക്കും ദിലീപിന്റെ 148 ആം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ജനുവരി 27ന് എറണാകുളത്ത് വെച്ച് ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓണ്‍ കര്‍മ്മവും നടക്കും. തുടര്‍ന്ന് 28 മുതല്‍ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുജിത് ജെ നായര്‍. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും ഒരു വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ കൂടുതല്‍ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ജനുവരി 27 ന് നടക്കുന്ന ലോഞ്ചിലൂടെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

Leave a Reply

Your email address will not be published. Required fields are marked *