അരിക്കും പഞ്ചസാരയ്ക്കും പരിപ്പിനും വിലകൂട്ടി സപ്ലൈക്കോ, ഇത്തവണ ഓണ സഹായം ഇങ്ങനെ

Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനിരിക്കെ അവശ്യ സാധനങ്ങള്‍ക്ക് വിലകൂട്ടി സപ്ലൈക്കോ. അരി, പഞ്ചസാര, പരിപ്പ് എന്നിവയ്ക്കാണ് വില കൂട്ടിയിരിക്കുന്നത്. സപ്ലൈക്കോയില്‍ വില കൂട്ടുന്നതോടെ പൊതുവിപണിയിലും ആനുപാദിക വര്‍ധനവുണ്ടാകും. ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെയാണ് മൂന്ന് സബ്‌സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടിയത്.

അരിക്ക് മൂന്ന് രൂപയാണ് കിലോയ്ക്ക് കൂട്ടിയത്. ഇതോടെ കുറുവ അരിയുടെ വില 30 രൂപയില്‍ നിന്ന് 33 രൂപയും പച്ചരി 26 രൂപയില്‍ നിന്ന് 29 രൂപയുമായി. തുവര പരിപ്പിന്റെ വിലയില്‍ നാലുരൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 111 രൂപയിയായിരുന്നത് ഇനിമുതല്‍ നിന്ന്115 രൂപ നല്‍കണം. പഞ്ചസാരയ്ക്ക് ആറു രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 27 രൂപയായിരുന്നു ഇതുവരെയെങ്കില്‍ ഇനിമുതല്‍ 33 രൂപ നല്‍കണം.

അടുത്തിടെ സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചിരുന്നു. ഇതില്‍ 150 കോടിയാണ് കൈമാറിയത്. സപ്ലൈക്കോയുടെ ആകെ കുടിശ്ശിക 110 കോടിയാണ്. സപ്ലൈക്കോ വില കൂട്ടിയത് പര്‍ച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യ വകുപ്പിന്റെ വിശദീകരണം. വില കൂടിയ സാധനങ്ങള്‍ക്ക് ഇപ്പോഴും പൊതു വിപണിയേക്കാള്‍ 30% ത്തോളം വില കുറവ് ഉണ്ടെന്നും ഭക്ഷ്യ വകുപ്പ് പറയുന്നു.