കൊണ്ടോട്ടി: മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായിരുന്ന റംല ബീഗത്തിന്റെ ഒന്നാം ചരമവാര്‍ഷികമായ സെപ്റ്റംബര്‍ 27-ന് വൈകുന്നേരം നാലുമണിക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ ‘റംലാബീഗം സ്മൃതിയരങ്ങ്’ നടത്തും.
കേരള മാപ്പിള കലാശാല എന്ന സാംസ്‌കാരിക കൂട്ടായ്മയുമായി സഹകരിച്ചു നടത്തുന്നപരിപാടി ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിക്കും. ഗായകന്‍ വി.ടി. മുരളി മുഖ്യാതിഥിയാവും. റംലാബീഗം അനുസ്മരണ പ്രഭാഷണം ഫൈസല്‍ എളേറ്റില്‍ നിര്‍വഹിക്കും. മാപ്പിള കലാരംഗത്തെ സംഭാവനകള്‍ക്ക് മാപ്പിള കലാശാല ഏര്‍പ്പെടുത്തിയ റംലാബീഗം സ്മാരക പുരസ്‌കാരങ്ങള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് മാപ്പിള കലാശാല സാരഥി സി.വി.എ. കുട്ടി ചെറുവാടി സമ്മാനിക്കും.
മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, അഹമ്മദ് പി സിറാജ്, കെ.പി.കെ. വെങ്ങര, കെ.കെ. അബ്ദുല്‍സലാം തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് റംലാബീഗത്തിന്റെ ഗാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗാനമേള സുല്‍ത്താന ഗായകസംഘം അവതരിപ്പിക്കും. ഗായകര്‍ സിബില്ല സദാനന്ദന്‍, ആബിദ റഹ്മാന്‍ ചാവക്കാട്. നവാസ് പാലേരി, ഇസ്മായില്‍ തളങ്കര, അമീന സുല്‍ത്താന, ഇന്ദിരാ ജോയ്, മുസമ്മില്‍ കൈപ്പമംഗലം തുടങ്ങിയവര്‍ അരങ്ങിലെത്തും.