രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂൾ: ശതോത്സവ സമാപനം 29 ന്

Kozhikode

താമരശ്ശേരി:പരപ്പൻപൊയിൽ പ്രദേശത്തിൻ്റെ ഹ്യദയഭാഗത്ത് സ്ഥാപിച്ചതും സമീപവാസികൾക്കുൾപ്പെടെ ആയിരങ്ങൾക്ക് അക്ഷര ജ്ഞാനം നൽകി ഒരു നൂറ്റാണ്ട് പൂർത്തിയായതുമായരാരോത്ത് ഗവ. മാപ്പിളഹൈസ്കൂൾ നൂറാം വാർഷികം ശതോത്സവ സമാപനം സെപ്തംബർ 29 ന് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1922 ൽ എലിമെൻ്ററി സ്‌കൂളായി ആരംഭിച്ച് പടിപടിയായി ഉയർന്ന് 2013 ൽ ഹൈസ്‌കൂളായിത്തീർന്ന ഈ സ്ഥാപനം സ്ഥലപരിമിതിയും കെട്ടിടങ്ങളുടെ അപര്യാപ്‌തതയും ഉൾപ്പെടെ ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്‌തു കൊണ്ടാണ് ഇന്നത്തെ നിലയിലെത്തിയത്.

നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തെ തുടർന്ന് ഒരു കോടി രൂപ മുടക്കി പള്ളിക്കുന്നിൽ വാങ്ങിയ സ്ഥലത്താണ് യു.പി, ഹൈസ്‌കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നത്. നേരത്തെ നിലവിലുള്ള എട്ട് സെൻറ് സ്ഥലത്ത് മുന്ന്‌നില കെട്ടിടത്തിൽ എൽ.പി. വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.തുടർ പഠന സൗകര്യത്തിനായി ഇവിടെ ഹയർസെക്കൻ്ററി വിഭാഗം അനുവദിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന സ്കൂളിൽ ഇന്നത്തെ സാഹചര്യത്തിൽപുതിയ കെട്ടിടങ്ങൾക്കോ അനുബന്ധ സ്ഥാപനങ്ങൾക്കോ നിലവിലുള്ള സ്ഥലം അപര്യാപ്‌തമായതിനാൽ സ്‌കൂളിനോട്ചേർന്ന് 15 സെൻറ് സ്ഥലം വിലക്കെടുത്തിട്ടുണ്ട്.
നൂറാം വാർഷികത്തിൻ്റെ ഭാഗമായി 35 ലക്ഷം രൂപ സമാഹരിച്ച് ഭൂമി സ്കൂളിന് സമർപ്പിക്കുകയാണ് ചെയ്യുക.ശതോത്സവത്തി ന്റെ ഭാഗമായി നൂറ് ദിന പരിപാടികളാണ് നടന്നത്.

സമാപന പരിപാടിയും സ്കൂളിന് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഞായറാഴ്ച രാവിലെ 10 മണിക്ക് വനം വകുപ്പ് മന്ത്രിഎ .കെ.ശശീന്ദ്രൻ നിർവ്വഹിക്കും. ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എം.പി. മുഖ്യാതിഥിയാവും.

സാമൂഹിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. വൈകീട്ട് നാല് മണിക്ക് പൂർവ്വ അധ്യാപക-വിദ്യാർഥി സംഗമം നടക്കും. 150 പൂർവ്വ അധ്യാപകരെ പരിപാടിയിൽ ആദരിക്കും.

ഗാനരചയിതാവും പൂർവ്വ വിദ്യാർഥിയുമായ ബാപ്പു വാവാട് സംഗമം ഉദ്ഘാടനം ചെയ്യും.പൂർവ്വ വിദ്യാർഥികളുടെയും സ്കൂൾ വിദ്യാർഥികളുടേയും കലാപരിപാടികൾ അരങ്ങേറും. രാത്രി എട്ട് മണിക്ക് സംഗീത വിരുന്നും നടക്കും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ജെ.ടി.അബ്ദുറഹിമാൻ , കൺവീനർ എം.ജഗന്ദിനി,പി.ടി.എ പ്രസിഡന്റ് എം.ടി. അയ്യൂബ് ഖാൻ, വൈസ് ചെയർമാൻ എ.സി. ഗഫൂർ , വി.ടി.അബ്ദുറഹിമാൻ, അഷ്റഫ് വാവാട്, നൂറുദ്ധീൻ കാന്തപുരം, കെ.വി.ലത എന്നിവർ പങ്കെടുത്തു.