തിരുവനന്തപുരം: ഇന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ഫിലിം സൊസൈറ്റിയായ വിഷൻ ഫിലിം സൊസൈറ്റിയുടെ ആദ്യത്തെ പരിപാടിയായ വിഷൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024 (VIFFK 2024) എന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻ്റെ അവാർഡ് ദാനം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു.
കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുമായി കൈകോർത്താണ് ചലച്ചിത്രമേള നടന്നത്. ഭാരത് ഭവനിൽ വെച്ച് വിജയികളായ ഷോർട്ട് ഫിലിമുകൾ പ്രദശിപ്പിച്ചു. VIFFK ചെയർമാൻ ആർ ചന്ദ്രശേഖരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനം മുൻ മന്ത്രിയും, കെപിസിസി പ്രസിഡൻ്റും, എംപിയും ആയിരുന്ന കെ മുരളീധരൻ ഉത്ഘാടനം ചെയ്തു.ഷോർട് ഫിലിം മത്സര വിജയികൾക്ക് മെമൻ്റോ, പ്രശംസാപത്രം എന്നിവ സമ്മാനിച്ചു.
മേളയിൽ മൂന്നു വിഭാഗങ്ങളിലായി ഷോർട്ട്ഫിലിം (ജനറൽ വനിത/കുട്ടികൾ), ഡോക്യുമെന്ററി, മ്യൂസിക്കൽ ആൽബം തുടങ്ങിയ മത്സര വിഭാഗങ്ങളും, കൂടാതെ VIFFK 2024 വിഷന്റെ ഭാഗമായി ദൃശ്യ മാധ്യമ പ്രവർത്തകർക്ക് സോഷ്യൽ ജസ്റ്റിസ് അവാർഡ്, സ്കൂൾ കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനായി കേരളത്തിലെ സ്കൂളുകൾ നിർമ്മിച്ച സിനിമകൾക്ക് “സർഗ്ഗചിത്ര”പുരസ്കാരം, VIFFK ഫിനിക്സ് അവാർഡ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനം ഉൾപ്പെടെ നൽകി.
വിഷൻ ഫിലിം സൊസൈറ്റിയുടെ പ്രസിഡൻ്റും VIFFK 2024ൻ്റെ ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടറുമായ മലയാള സിനിമയിലെ യുവ സംവിധായിക അനു കുരിശിങ്കൽ സ്വാഗതം ആശംസിച്ചു. പ്രശസ്ത നോവലിസ്റ്റ് വി.ജെ. ജെയിംസും കെ. മുരളീധരനും ചേർന്ന് ഫെസ്റ്റിവൽ മാഗസീൻ പ്രകാശനം ചെയ്തു.
2025ൽ നടത്താനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള പ്രഖ്യാപിക്കുകയും ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. സംവിധായകൻ രാജേഷ് കെ രാമൻ, വി.അഭിലാഷ്, ബിശ്വജിത് ശ്രീനിവാസൻ, രാഹുൽ കൈമല, സതീഷ് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. വിഷൻ ഫിലിം സൊസൈറ്റി അംഗം ഡോ.തിമോത്തി ലിയൊ രാജ് നന്ദി പ്രകാശിപ്പിച്ചു.