വണ്ടൂർ: രാജ്യത്ത് വർഗീയ വിഭജനവും അപരവൽക്കരണവും വൻതോതിൽ വർധിച്ചു വരികയാണെന്നും സംഘപരിവാർ വഖഫ് ബില്ലിന് ശേഷം ചർച്ച് ബില്ലും കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിൻ്റെ മതേതര പാരമ്പര്യം കാക്കാൻ രാഹുൽഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും പാർലമെൻ്റിൽ ഉണ്ടാകണം. പിണറായി വിജയൻ കട്ടുമുടിച്ചതിന് കേരളം ഇന്നനുഭവിക്കുകയാണ്. കേസുകൾ മൂടിവയ്ക്കാൻ ആർ.എസ്.എസിൻ്റെ ദാസനായി പിണറായി വിജയൻ മാറിയെന്നും വി.ഡി സതീശൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പുളിയക്കോട് നടന്ന വണ്ടൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം ചെയർമാൻ പി. ഖാലിദ് അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ആൻ്റോ ആൻ്റണി എം.പി, മോൻസ് ജോസഫ് എം.എൽ.എ, ഉമ തോമസ് എം.എൽ.എ, യു.എ ലത്തീഫ് എം.എൽ.എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയി, ആലിപ്പറ്റ ജമീല, പി.ടി അജയ് മോഹൻ, കെ.സി കുഞ്ഞിമുഹമ്മദ്, കെ.ടി അജ്മൽ, കളത്തിൽ കുഞ്ഞാപ്പുഹാജി, ജോജി കെ. അലക്സ്, ഇ. മുഹമ്മദ് കുഞ്ഞി, ടി.പി ഗോപാലകൃഷ്ണൻ, മുസ്തഫ അബ്ദുൾ ലത്തീഫ് പങ്കെടുത്തു.