കോഴിക്കോട്: കച്ചവട താല്പര്യങ്ങൾ മാത്രം മുൻനിർത്തി കോർപ്പറേറ്റ് കമ്പനികൾ വളർത്തിയെടുക്കുന്ന മീഡിയ ബിസിനസ് മാധ്യമരംഗത്തെ ധാർമികത തകർക്കുന്നുവെന്ന് കെ എൻ എം സംസ്ഥാന മീഡിയ ഐടി വകുപ്പ് കോഴിക്കോട് വെച്ച് നടത്തിയ ശില്പശാല അഭിപ്രായപ്പെട്ടു.
അസത്യങ്ങളും അർദ്ധസത്യങ്ങളും പർവതീകരിച്ച് കൊണ്ട് വിദ്വേഷത്തിന്റെ വിഷവിത്തുകൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന സംസ്കാരം അപകടകരമാണ്. ഫാസിസവും തീവ്രവാദവും വളരുന്നത് ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് കൊണ്ടാണെന്ന വസ്തുത വിസ്മരിക്കരുത്. സമൂഹത്തിൻറെ ഐക്യവും സാഹോദര്യവും വളർത്തിയെടുക്കാൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു.
കെഎൻഎം ഔദ്യോഗിക മാധ്യമമായ റിനൈ ടിവിയിലെ ഫാകല്റ്റികളുടെ വാർഷിക സംഗമത്തോടനുബന്ധിച്ച് ആണ് ശിൽപശാല സംഘടിപ്പിച്ചത്. കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ സുൽഫിക്കർ അലി അധ്യക്ഷനായി. പ്രൊഫ. എൻ വി അബ്ദുറഹിമാൻ, ഷബീറലി മാസ്റ്റർ, അഫ്സൽ ബോധി,ഫഹീം ബറാമി, ഡോ.ഷക്കീബ്, പി കെ സക്കരിയ സ്വലാഹി, ഡോ.ജംഷീർ ഫാറൂഖി, റഹ്മത്തുള്ള സ്വലാഹി,ഡോ.അയ്‌മൻ ശൗഖി, ഷബീർ കൊടിയത്തൂർ, അസ്ലം എം ജി നഗർ എന്നിവർ പ്രസംഗിച്ചു.