കല്പറ്റ: നാശത്തിന്‍റെ പടുകുഴിയിൽ വീണു കിടക്കുന്ന വയനാടൻ കൃഷിയുടെയും വംശനാശത്തിലേക്ക് മുതലക്കൂപ്പു നടത്തിക്കൊണ്ടിരിക്കുന്ന ആദിവാസികളുടെയും തകർന്നു തരിപ്പണമായ പരിസ്ഥിതിയുടെയും നിലനിൽപ്പിനെക്കറിച്ചും അതിജീവനത്തെക്കറിച്ചുമുള്ള നയം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളും മൂന്നണികളും വ്യക്തമാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
നിക്ഷിപ്ത താൽപ്പര്യക്കാരടെയും സംഘടിത ലോബിയുടെയും സ്വാധീനത്താൽ കാതലായ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി അപ്രസക്തമായ വാഗ്ദാനങ്ങൾ ജനങ്ങൾക്കിടയിൽ അവതരിപ്പിച്ച് കബളിപ്പിക്കുന്ന പരിപാടി പാർട്ടികൾ അവസാനിപ്പിക്കണം.
സ്ഥാനാർഥികളും മുന്നണികളും ഉയർത്തിപ്പിടിക്കുന്ന പ്രധാന ആവശ്യങ്ങളെല്ലാം വയനാട്ടിലെ ജനങ്ങൾക്ക് താത്പര്യമില്ലാത്തതും അവർ എന്നോ തളളിക്കളഞ്ഞതുമാണ്.
രാത്രിയാത്രാ നിരോധനവും തുരങ്ക പാതയും റെയിൽവേയും എയർ സ്ട്രിപ്പും ചുരംബദൽ റോഡുകളുമാണ് വയനാടൻ ജനത നേരിടുന്ന ഗുതതരമായി വികസന വെല്ലുവിളികളെന്ന് എല്ലാ സ്ഥാനാർത്ഥികളും ധരിച്ച് വശായിരിക്കുന്നു. സമീപകാലത്തൊന്നും നടക്കാത്തതും നടക്കണമെന്ന് വയനാട്ടുകാർക്ക് നിർബന്ധമില്ലാത്തതുമായ അസംബന്ധ ജഡിലമായ മുദ്രാവാക്യങ്ങളിൽ പാവങ്ങളെ അഭിരമിപ്പിക്കുകയാണ് പാർട്ടികൾ ചെയ്യുന്നത്.
കേളികേട്ട വയനാടിൻ്റെ കാർഷിക വ്യവസ്ഥയാകെ തകർന്നടിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ഇന്ത്യയിലേറ്റവും അധികം കാർഷികാത്മഹത്യകൾ നടന്ന പ്രദേശങ്ങളിൽ ഒന്നാണ് വയനാടെന്നും ഇന്നും അത് തുടർന്നുകൊണ്ടിരിക്കയാണെന്നും വയനാടൻ ജനതയുടെ 80 ശതമാനം കൃഷിയുമായി ബന്ധപ്പെട്ട് ഉപജിപിക്കുന്നവരാണെന്നും മറന്നുകൊണ്ടുള്ള ഒരു വികസന വാചകമടിയും വയനാടിനെ രക്ഷിക്കില്ല.
വയനാടൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കൃഷിയെ പുനരുദ്ധരാക്കുന്നതിനേക്കുറിച്ചോ അഭിവൃദ്ധിപ്പെടുത്തുന്നതിനെക്കുറിച്ചോ ഒരു സ്ഥാനാത്ഥിക്കും മിണ്ടാട്ടമില്ല. കാൽ നൂറ്റാണ്ടായി തുടരുന്നതും വയനാടിൻ്റെ സാമൂഹ്യ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചതുമായ വന്യജീവി മനുഷ്യ സംഘർഷത്തിന് മൂന്നു മുന്നണികളും ഉത്തരവാദികളാണ്. ഊർദ്ധ്വൻ വലിച്ചു കൊണ്ടിരിക്കുന്ന കർഷകൻ്റെ അവസാനത്തെ പുൽതുരുമ്പായ ക്ഷീര മേഖലയെക്കുറിച്ച് സ്ഥാനാത്ഥികളും മുന്നണികളും പാലിക്കുന്ന മൌനം ക്രൂരമാണ്.
വയനാടിനെ ജൈവജില്ലയായി പ്രഖ്യാപിച്ച് കാപ്പിക്കും കുരുമുളകിനും പരമ്പാരഗത നെല്ലിനങ്ങൾക്കും സുഗന്ധദ്രവ്യങ്ങൾക്കും ജിയോടാഗ് സമ്പാദിച്ചാൽ തന്നെ വയനാടൻ കൃഷിയെ തകർച്ചയിൽ നിന്നും കരകയറ്റാനും തൊഴിലവസരങ്ങൾ ഇരട്ടിയാക്കാനും സാധിക്കും. വയനാടൻ കാർഷിക വിഭവങ്ങളുടെ മൂല്യധിഷ്ടിത സംരംഭങ്ങൾ വളർന്നുവരണം.
ജനസംഖ്യയുടെ 18 ശതമാനം വരുന്ന മണ്ണിൻ്റെ മക്കളായ ഒരു കാലത്ത് വയനാടൻ ഭ്രമിയുടെ മുഴുവൻ ഉടമകളായിരുന്ന ,ആദിമനിവാസികളിൽ ഭൂരിഭാഗവും ശവം സംസ്കരിക്കുന്നതിനു പോലും ഒരു തുണ്ട് ഭൂമിയില്ലാതെ ഭൂരഹിതരായും ചികിത്സ ലഭ്യമാകാതെയും വിദ്യാഭ്യാസ രഹിതരായും സ്വന്തം ജന്മഭൂമിയിൽ അഭയാർത്ഥികളായി പുലരുകയാണ്. നൂറ്റാണ്ടുകൾക്കു മുൻപേ തോട്ടങ്ങളിൽ അടിമവേല ചെയ്യുവാൻ നിർബന്ധിതമായി പിടിച്ചു കൊണ്ടുവന്നവരുടെ പിൻമുറക്കാർ അന്തിയുറങ്ങാൻ ഭൂമിയില്ലാതെ ലയങ്ങളിൽ ദുരിതമനുഭവിക്കുകയാണ്. തോട്ടംമേഖലയാകട്ടെ തകർച്ചയിലുമാണ്.
അതീവദുർബലവും ലോലവുമായ പരിസ്ഥിതി സംതുലനം നിലനിൽക്കുന്ന വയനാടിൻ്റെ കാലാവസ്ഥയും ജലസുരക്ഷയും മണ്ണും കാണക്കാണെ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വയനാടിൻ്റെ നിലനിൽപ്പിന്ന് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഇവർക്ക് ഒട്ടും വേവലാതിയില്ല. അതിനെ കൊന്നു തിന്നാനാണ് താത്പര്യം.
ടൂറിസമാണ് വയനാടിൻ്റെ ഒരേ ഒരു രക്ഷകൻ എന്ന മട്ടിൽ എല്ലാവരും ടൂറിസത്തെ കൊണ്ടാടുന്നു. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ടൂറിസം വയനാടിൻ്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും. ക്ഷീര ഖേലയും കാർഷി വിഭവങ്ങൾ ക്രിയവിക്രയം ചെയ്യുന്ന ചെറുകിട കച്ചവടക്കാരും ടൂറിസം നൽകുന്ന തൊഴിലിൻ്റെ 25 ഇരട്ടി ജോലിയും വരുമാനവും നൽകുന്നുണ്ട്. വയനാടിൻ്റെ പ്രകൃതിയെയും കൃഷിയെയും ആദിവാസികളെയും വന്യജീവികളെയും ദ്രോഹിക്കാത്ത ഉത്തരവാദിത്ത ടൂറിസത്തിന് പകരം അനിയന്ത്രിത നശീകരണ ടൂറിസത്തെയാണ് സർക്കാറും പാർട്ടികളും പ്രോത്സാഹിപ്പിക്കുന്നത്.
മെഡിക്കൽ കോളേജ് ഇവിടത്തെ ആരോഗ്യ പ്രതിസന്ധിയെ തെല്ലും പരിഹരിക്കുകയില്ല .ബത്തേരി, മാനന്തവാടി ,കൽപ്പറ്റ തുടങ്ങിയ ഇടങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും മെച്ചപ്പെട്ട പ്രഥമിക ആരോഗ്യ കേന്ദ്രങ്ങളുമാണ് ഉണ്ടാവേണ്ടത്.
മുണ്ടക്കെ ദുരിതബാധിതരുടെ പുനരധിവാസം മറ്റൊരു ദുരന്തമാകാനുള്ള സാധ്യതയാണുള്ളത്. മലഞ്ചരുവുകളിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്ന 4000 കുടുംബങ്ങളെ കുറിച്ചോ വൻ കിട തോട്ടമുടമകൾ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന 59000 ഏക്കർ വീണ്ടെടുക്കുന്നതിനെക്കുറിച്ചോ ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു നയവുമില്ലെന്നതാണ് വയനാടിൻ്റെ ദുര്യോഗം.
വയനാടിൻ്റെ സമഗ്രമായ പുനരുജ്ജീവനത്തിനു ഉദകുന്ന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ടു നൽകണമെന്ന് സമിതി അഭ്യത്ഥിക്കുന്നു
സമിതി യോഗത്തിൽ സി.എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.വി. മനോജ്, എൻ. ബാദുഷ, തോമസ്സ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷണൻ , ബാബു മെലമ്പാടി, പി.എം. സുരേഷ്, സണ്ണിമരക്കാവ്,ഒ.ജെ. മാത്യൂ. പ്രസംഗിച്ചു.