നാസ്തികത അരക്ഷിതാവസ്ഥയും വിനാശവും സൃഷ്ടിക്കുന്നു: ഐ. എസ്.എം

Kozhikode

കോഴിക്കോട്: വികലവും അർത്ഥ ശൂന്യവുമായ ആശയങ്ങളുടെ കലവറയാണ് നാസ്തികതയെന്നും അത്തരം ചിന്തകൾ സമൂഹത്തിൽ സൃഷ്ടിക്കുന്നത് വിനാശ പ്രവണതകളും അരക്ഷിതാവസ്ഥയുമാണെന്നും ഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച “എവിടെൻസ് “സമ്മേളനം അഭിപ്രായപ്പെട്ടു. “നാസ്തികതയുടെ തെരുവ് വിചാരണ” എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

മനുഷ്യനെ നയിക്കുന്നത് മോക്ഷമാർഗത്തിലേക്കും ആത്യന്തിക വിജയത്തിലേക്കുമാണ്. വിശുദ്ധ ഇസ് ലാം വിഭാവന ചെയ്യുന്ന നൻമയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും സമാധാനവും പരിരക്ഷയുമാണ് ഉറപ്പു വരുത്തുന്നത്. ധാർമ്മികതയുടെയും സദാചാരത്തിന്റെയും ഉന്നത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ടുള്ള നവനാസ്തികയുടെ കുപ്രചരണങ്ങളെ കൃത്യവും വ്യക്തവുമായ പ്രമാണങ്ങൾ കൊണ്ട് പ്രതിരോധിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.

സമൂഹത്തിൽ ഇസ് ലാമോഫോബിയ പടർത്താനുള്ള വർഗീയ ഫാഷിസത്തിന്റെ ഗൂഢതന്ത്രങ്ങളാണ് നവ നാസ്തികരിലൂടെ പ്രതിഫലിക്കുന്നതെന്നും സമ്മേളനം വ്യക്തമാക്കി.

ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ ഉദ്‌ഘാടനം ചെയ്തു. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബർ നേതൃത്വം നൽകി. സുബൈർ പീടിയേക്കൽ, മുസ്തഫാ തൻവീർ എന്നിവർ വിഷയാവതരണം നടത്തി. ഐ.എസ്.എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, ഭാരവാഹികളായ കെ.എം.എ അസീസ്,റഹ് മത്തുല്ല സ്വലാഹി,ശിഹാബ് തൊടുപുഴ , സൈദ് മുഹമ്മദ്, സി.മരക്കാരുട്ടി, അബ്ദുസ്സലാം വളപ്പിൽ, ജുനൈദ് സലഫി, ഹാഫിദുർറഹ് മാൻ മദനി എന്നിവർ സംസാരിച്ചു.