ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പ് സി പി എം അക്രമത്തിലൂടെ അട്ടിമറിച്ചെന്ന് കെ. സുധാകരന്‍ എം പി

Kozhikode

കോഴിക്കോട്: ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പ് സി പി എം അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പോലീസ് നഗ്മായ ജനാധിപത്യ ധ്വംസനത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും കൂട്ടുനില്ക്കുകയും ചെയ്തു.

കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ മൃഗീയമായി സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു എം.കെ.രാഘവന്‍ എംപിയ്ക്കെതിരേ കയ്യേറ്റമുണ്ടായി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നവെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും സുധാകരന്‍ പറഞ്ഞു.

വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിയത് പോലീസാണ്.സത്യസന്ധവും സുതാര്യവുമായ രീതിയിലൂടെയും ജനാധിപത്യമാര്‍ഗത്തിലൂടെയും ബാങ്കിന്റെ ഭരണം പിടിക്കാനാവില്ലെന്ന ബോധ്യത്തിലാണ് കള്ളവോട്ടും അക്രമവും നടത്തി ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചത്.

കള്ളവോട്ട് തടയാനോ സിപിഎം അക്രമികളെ പിടികൂടാനോ പോലീസ് തയ്യാറായില്ല. സിറ്റി പോലീസ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് കൂട്ടുനിന്നു. പതിനായിരത്തോളം പേരെയാണ് സിപിഎം വോട്ടുചെയ്യാന്‍ അനുവദിക്കാതിരുന്നത്. വോട്ടര്‍മാരുമെത്തിയ പത്തോളം വാഹനങ്ങള്‍ അക്രമികള്‍ തകര്‍ത്തു. അയ്യായിരത്തിധികം കള്ളവോട്ടാണ് സിപിഎം ചെയ്തത്. വനിതാ വോട്ടര്‍മാരെവരെ ആക്രമിച്ചു. കാലങ്ങളായി സിപിഎം കണ്ണൂരില്‍ നടത്തിവരുന്ന ബൂത്തുപിടിത്തവും കള്ളവോട്ടും മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.