തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് ടൂറിംഗ് ടാക്കീസ് വിളംബര ജാഥ 2024 നവംബർ 27ന് കയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 05:30നു നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ.പ്രേംകുമാർ, ജനറൽ കൗൺസിൽ അംഗങ്ങളായ സന്തോഷ് കീഴാറ്റൂർ, മനോജ് കാന, പ്രദീപ് ചൊക്ലി, പ്രകാശ് ശ്രീധർ, വിവിധ മേഖലയിലുള്ള ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
കാസർഗോഡ് ജില്ലയിലെ ചലച്ചിത്ര പ്രവർത്തകരായ പി.പി.കുഞ്ഞികൃഷ്ണൻ, അഡ്വ.സി.ഷുക്കൂർ, ഉണ്ണിരാജ ചെറുവത്തൂർ, രാജേഷ് അഴീക്കോടൻ, ചിത്ര നായർ, രജീഷ് പൊതാവൂർ, അമീർ പള്ളിക്കൽ എന്നിവരെ ആദരിക്കും.
തുടർന്ന് ഉദ്ഘാടന ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിക്കും. വിളംബര ജാഥയുടെ ഭാഗമായി ഐ . എഫ്.എഫ്
കെ യിൽ പുരസ്കാരങ്ങൾ ലഭിച്ച അസ്ഗർ ഫർഹാദിയുടെ ‘എബൗട്ട് എല്ലി’, അപർണ സെന്നിൻ്റെ ‘ദ ജാപ്പനീസ് വൈഫ്’, ഹൈഫ അൽ മൻസൂറിൻ്റെ ‘വാദ്ജ്ദ’, മുഹമ്മദ് ദിയാബിൻ്റെ ‘ക്ലാഷ്, റെയ്ഹാനയുടെ ‘ഐ സ്റ്റിൽ ഹൈഡ് ടു സ്മോക്ക്’, നതാലി അൽവാരസ് മെസൻ്റെ ‘ക്ലാര സോള’, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജിയോ ബേബിയുടെ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
2024 നവംബർ 27ന് കയ്യൂരിൽ ആരംഭിക്കുന്ന ജാഥ 28ന് കണ്ണൂർ, പയ്യന്നൂർ, ചൊക്ലി, 29 ന് കോഴിക്കോട്, 30 ന് മലപ്പുറം, ഡിസംബർ 01 നു പാലക്കാട്, 02 ന് തൃശൂർ, 03 ന് എറണാകുളം, 04ന് ആലപ്പുഴ, 05 ന് കോട്ടയം, 06 ന് ഇടുക്കി, തൊടുപുഴ, 08, 09 തീയതികളിൽ കൊല്ലം എന്നീ ജില്ലകളിലെ പ്രദർശങ്ങൾക്ക് ശേഷം ഡിസംബർ 10 നു തിരുവനന്തപുരത്ത് സമാപിക്കും.