കോഴിക്കോട് : മനുഷ്യൻ്റെ ആത്മീയ അന്വേഷണങ്ങളെ മറയാക്കി നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ സിറ്റി മണ്ഡലം സംഘടിപ്പിച്ച തസ്‌ഫിയ ആദർശ സമ്മേളനം ആവശ്യപ്പെട്ടു.
മനുഷ്യൻ്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന പുരോഹിതന്മാരുടെ പിന്തുണയോടെയാണ് ഇത്തരം തട്ടിപ്പുകളും, കൊലപാതകങ്ങളും നടക്കുന്നതെന്നത് ആശങ്കാജനകമാണ്.
വർഷങ്ങളായി നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാതിരിക്കുകയും, രാഷ്ട്രീയ അഭയം ഇത്തരം ആളുകൾക്കും, സംഘങ്ങൾക്കും നൽകുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്
സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങൾ, ലൈംഗിക ചൂഷണം എന്നിവ വ്യാപകമായി ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽ നടക്കുന്നുവെന്ന പൊതു അഭിപ്രായത്തെ ഭരണ കൂടം ഗൗരവമായി കാണണമെന്നും തസ്‌ഫിയ ആദർശ സമ്മേളനം ആവശ്യപ്പെട്ടു.
വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അമീർ അത്തോളി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ജംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഇസ്ലാഹീ പ്രഭാഷകൻ സി പി സലീം മുഖ്യ പ്രഭാഷണം നടത്തി. ഇർഫാനുൽ ഹബീബ് പ്രബന്ധം അവതരിപ്പിച്ചു. വിസ്‌ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ കെ മുഹമ്മദ് ഷഹീൽ സ്വാഗതവും അനസ് പുതിയ പാലം നന്ദിയും പറഞ്ഞു.