സാഹിത്യവേദി കവിതാപുരസ്കാരം എസ് ജാഹ്നവി സൈരയ്ക്ക്

Wayanad

പുൽപ്പള്ളി: വയനാട് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യവേദി പുരസ്കാരം കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എസ്. ജാഹ്നവി സൈരയ്ക്ക് ലഭിച്ചു. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം .

സംസ്ഥാന തലത്തിൽ നടത്തിയ കവിതാരചനാ മത്സരത്തിൽ എസ്. ജാഹ്നവി സൈരയുടെ ‘പാളം’ എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. പേരാമ്പ്ര കലാമുദ്ര പുരസ്കാരം, ടി.പി.രാജീവൻ സ്മാരക കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. വിദ്യാരംഗം സർഗോത്സവം, വാങ്മയം പ്രതിഭാ പരീക്ഷ എന്നിവയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഊരള്ളൂർ പി.സുനിൽകുമാറിൻ്റെയും സി. ചിത്രയുടെയും മകളാണ് ജാഹ്നവി സൈര. ജനുവരി 3 ന് സ്കൂൾ അങ്കണത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവി വീരാൻകുട്ടി പുരസ്കാര സമർപ്പണം നടത്തും.