കോഴിക്കോട് : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദ്യത്വ ഭീകര സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണോത്സുക രാഷ്ട്രീയം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിനെതിരെ കേരളീയ സമൂഹം ജാഗ്രവത്താവണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമ്പൂർണ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും ക്രൈസ്തവ വിശ്വാസികൾക്കു നേരെ ഹിന്ദ്യത്വ ഭീകര സംഘടനകൾ ആക്രമണം അഴിച്ചു വിടുന്നത് പൊറുപ്പിക്കാവതല്ല. ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം കൃസ്ത്യമസ് ആഘോഷങ്ങൾക്കുനേരെയുണ്ടായ ആക്രമനങ്ങൾക്ക് നേതൃത്വം നല്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ ആർജവം കാണിക്കണം.
ആഘോഷ വേളകളെ പോലും വിശ്വാസികളെ തമ്മിലടിപ്പിക്കാൻ ഇറങ്ങിത്തിരിച്ച വിദ്വേഷ രാഷ്ട്രീയക്കാരെ കേരളത്തിൽ വേരുറപ്പിക്കാൻ അനുവദിക്കരുത്.
തിരഞ്ഞെടുപ്പ് കമ്മിഷനെ സർക്കാറിൻ്റെ ചട്ടുകമാക്കി മാറ്റുന്ന തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി പിൻവലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ് നടപടി ക്രമങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്ന ചട്ട ഭേദഗതി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തന്നെ തകർക്കുമെന്ന് സമ്മേളനം മുന്നറിയിപ് നല്കി.
പതിറ്റാണ്ടുകളുടെ നവോത്ഥാന വിപ്ലവത്തിലൂടെ കേരളീയ മുസ്ലിംകളിൽ നിന്നും വേരറുത്തു കളഞ്ഞ അന്ധ വിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കും. ഇസ്ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ചും അക്ഷര വായന നടത്തിയും ജിന്ന് മനുഷ്യ ശരീരത്തിൽ കയറുമെന്നും രോഗമുണ്ടാക്കുമെന്നും കൂടോത്രവും ദുർമന്ത്രവാദവും ഫലിക്കുമെന്നും പ്രചരിപ്പിച്ച് മുസ്ലിം സമുദായത്തെ യാഥാസ്ഥിതികയിലേക്ക് തിരിച്ചു തെളിക്കാൻ അനുവദിക്കില്ല. മുജാഹിദ് പ്രസ്ഥാനത്തിൻ്റെ ബാനറിൽ ജിന്ന് ചികിത്സയും മാരണങ്ങളും പിശാചിനെ അടിച്ചിറക്കലുമെല്ലാം പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൂർവീകരായ ഇസ്ലാഹീ നവോത്ഥാന നായകരോടും ഇസ്ലാമിനോടും ചെയ്യുന്ന കടുത്ത അപരാധമാണെന്നും സമ്മേളനം വ്യക്തമാക്കി.
കേരളീയ മുസ്ലിംകളുടെ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ സമുദ്ധാരണവും അഭിമാനകരമായ അസ്ഥിത്വവും ലക്ഷ്യം വെച്ച് അടുത്ത മൂന്നു വർഷം വിപുലമായ കർമ പദ്ധതികൾ നടപ്പിലാക്കും. വർധിച്ചു വരുന്ന കുടുംബ ശൈഥില്യങ്ങൾക്കും വിവാഹ രംഗത്തെ ജീർണതക്കും , ആഢംബരത്തിനും ധൂർത്തിനുമെതിരെ വിശ്വാസികളെ ബോധവത്കരിക്കും. സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും കുടുംബ സർവേ നടത്തും.