ആഗോള അറബി ഭാഷാ സമ്മേളനം ജിദ്ദയിൽ, സെഷൻ അദ്ധ്യക്ഷനായി ഡോ ഹുസൈൻ

Uncategorized

ജിദ്ദ: ആധുനിക അറബി ഭാഷാ പഠന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്ത് ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് മാർഗ്ഗ രേഖേ സമർപ്പിക്കാനായി ജനുവരി ആദ്യ വാരത്തിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി പ്രമുഖ അറബി ഭാഷാ പണ്ഡിതൻ ഡോ.ഹുസൈൻ മടവൂരിന്ന് ക്ഷണം ലഭിച്ചു. ജനുവരി മൂന്ന് മുതൽ ജിദ്ദാ റാഡിസൺ ബ്ലൂ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാപണ്ഡിതമാർ പങ്കെടുക്കും. സൗദി ജനറൽ കോൺഫറൻസ് അഥോറിറ്റിയും ഭാഷാ വികസന സമിതിയുമാണ് സംഘാടകർ.

ആധുനിക അറബിഭാഷാ പഠനവും അദ്ധ്യാപനവുമായി ബന്ധപ്പെട്ട നാൽപതോളം ശീർഷകങ്ങളാണ് ചർച്ചക്ക് വിധേയമാക്കുക. അറബ് സർവ്വകലാശാലകൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൺ , ഫ്രാൻസ് , ഇറ്റലി, ബോസ്നിയ , മലേഷ്യേ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ അറബി ഭാഷാ വിദഗ്ധർ വിഷയങ്ങൾ അവതരിപ്പിക്കും.

യൂണിവേഴ്സിറ്റി പ്രൊഫസർമാർ, കോളെജ് അദ്ധ്യാപകർ , ഭാഷാദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലെ വിദഗ്ധർ, ഗവേഷണ വിദ്യാർത്ഥികൾ, അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അറബി ഭാഷാദ്ധ്യാപനത്തിന്നും പഠനത്തിന്നും ഡിജിറ്റൽ സംവിധാനം, നിർമ്മിത ബുദ്ധി ( എ .ഐ ) ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്നതിൻ്റെ സാദ്ധ്യതകളും ചർച്ചക്ക് വിധേയമാക്കും.

അനറബി രാജ്യങ്ങളിലെ അറബി ഭാഷാ അദ്ധ്യാപനം എന്ന സെഷനിൽ ഡോ. ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിക്കും. ഇന്ത്യയിൽ അറബി ഭാഷാ പ്രചാരണത്തിന് അദ്ദേഹം നൽകി വരുന്ന മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഈ അദ്ധ്യക്ഷപദവി നൽകിയത്. മലബാർ എഡ്യുസിറ്റി, കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് പി.ജി അക്കാദമിക് കമ്മിറ്റി, ഡൽഹിയിലെ ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഛ് ആർ ഡി എഫ് ) എന്നിവയുടെ ചെയർമാൻ കൂടിയാണ് ഹുസൈൻ മടവൂർ.

ഫറോക്ക് റൗസത്തുൽ ഉലൂം അറബിക്കോളെജിൽ പഠനം നടത്തി കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് അറബി ഭാഷയിൽ അഫ്സലുൽ ഉലമാ ബിരുദവും സൗദിയിലെ മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസ് ബിരുദവും അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കോഴിക്കോട് സർവ്വകലാ ശാലയിൽ നിന്ന് അറബി ഭാഷയിൽ ഡോക്ടറേറ്റും നേടിയ ഡോ.ഹുസൈൻ മടവൂർ ഇന്ത്യയിൽ അറിയപ്പെടുന്ന അറബി ഭാഷാ പണ്ഡിതനാണ്. അറബ് ലോകത്തെയും ഇന്ത്യയിലെയും സർവ്വകലാശാലകളും ഭാഷാ പരിശീലന കേന്ദ്രങ്ങളുമായി ദീർഘ കാലത്തെ ബന്ധമുണ്ട്.

2012ൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അറബിഭാഷാ ദിനാഘോഷം പ്രഖ്യാപിച്ചപ്പോൾ അതേ വർഷം തന്നെ ഇന്ത്യയിലാദ്യമായി ഫാറൂഖ് കോളെജിൽ ആദിനം സമുചിതമായി സംഘടിപ്പിച്ചത് ഹുസൈൻ മടവൂരിൻ്റെ നേതൃത്വത്തിലായിരുന്നു. യു.ജി.സി കേന്ദ്ര സവ്വകലാശാലാ അദ്ധ്യാപകർക്ക് വേണ്ടി നടത്തുന്ന പരിശീലന പരിപാടികളിൽ റിസോഴ്സ് പേഴ്സനാണദ്ദേഹം. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കാലികറ്റ് യൂണിവേഴ്സിറ്റി, ചെന്നൈ ബി.എസ്. എ യൂണിവേഴ്സിറ്റി എന്നിവയിൽ അറബിക് ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും കാലികറ്റ് യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറിൻ്റെ ഭാഷാവികസന കൗൺസിലിൽ അറബി ഭാഷാ വിദഗ്ധ സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആദരവ് ലഭിച്ചിട്ടുണ്ട്. ഫറോക് റൗസത്തുൽ ഉലൂം അറബിക്കോളെജ് പ്രിൻസിപ്പാൾ ആയിരുന്നു.

മുപ്പതോളം രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയായ അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകാരിച്ച ആറ് ലോക ഭാഷകളിലൊന്നാണ്. അറബ് ലോകത്തും മറ്റ് രാജ്യങ്ങളിലും ആധുനിക അറബി ഭാഷാ പഠിച്ചവർക്ക് വൻ തൊഴിൽ സാദ്ധ്യതകളാണുള്ളത്. പെട്രോളിയം, ഐ.ടി, ഏവിയേഷൻ, ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം, വിനോദ സഞ്ചാരം, എയർ പോർട്ട്, വ്യാപാരം , വ്യവസായം, നയതന്ത്രം തുടങ്ങിയ മേഖലകളിലുള്ള തൊഴിൽ സാധ്യതകൾ കൂടുൽ ഉപയോഗപ്പെടുത്താനുള്ള വിഷയങ്ങളാണ് ആഗോള സമ്മേളനത്തിൽ ചർച്ച ചെയ്യുക. എ.ഐ സാധ്യതകളെ അറബി ഭാഷക്ക് എങ്ങ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ ഒരു വർക്ക് ഷോപ്പും അറബി ഭാഷയുടെ അനന്തസാദ്ധ്യതകൾ വ്യക്തമാക്കുന്ന പ്രദർശനവും സമ്മേളനത്തോടനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.