ടി എ റസാഖിന്‍റെ രാഷ്ട്രീയ സാമൂഹ്യ നാടക-സിനിമ ജീവിതവും പ്രവര്‍ത്തനങ്ങളും സൗഹൃദങ്ങള്‍ ഓര്‍മിച്ചെടുക്കുന്നു

Uncategorized

ഡിസംബര്‍ രണ്ടിന് പകല്‍ രണ്ടു മണിക്ക് തുറക്കല്‍ താമരശ്ശേരി വീട്ടിലാണ് ഒത്തുചേരല്‍

കൊണ്ടോട്ടി: മലയാള ചലച്ചിത്ര നഭസ്സിലെ കൊള്ളിയാന്‍ ടി എ റസാഖിന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതവും നാടകക്കാരന്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും സൗഹൃദങ്ങള്‍ ഓര്‍മിച്ചെടുക്കുന്നു. ഡിസംബര്‍ രണ്ടിന് പകല്‍ രണ്ടു മണിക്ക് തുറക്കല്‍ താമരശ്ശേരി വീട്ടിലാണ് ഒത്തുചേരല്‍. സാമൂഹിക അനീതികള്‍ക്കെതിരെ റസാഖ് ഇടതടവില്ലാതെ വാക്കും നാക്കും പ്രയോഗിച്ചു. അതിന്റെ ഫലശ്രുതിയെന്നോണം നിരവധി ഏകാങ്കങ്ങളും നാടകങ്ങളും ജന്മം കണ്ടു.

വി ടി ഭട്ടതിരിപ്പാടിന്റെയും കെ ടി മുഹമ്മദിന്റെയും ഇ കെ അയമുവിന്റെയും പി എം താജിന്റെയും നാടകങ്ങള്‍ പോലെ, മലബാറില്‍ ടി എ റസാഖിന്റെ രചനകള്‍ നിരവധി അരങ്ങുകളില്‍ ആവിഷ്‌കാരം കണ്ടു. യാഥാസ്ഥിതികത്വത്തിനും അസമത്വത്തിനും യുദ്ധത്തിനും എതിരെയായിരുന്നു അവയെല്ലാം.

‘ആളുകള്‍ ശബ്ദിക്കട്ടെ നിങ്ങള്‍ നിങ്ങളുടെ വഴിയെ പോകുക’ എന്ന, സ്പാനിഷ് നാടകക്കാരന്‍ പിരാന്തലോയുടെ വാക്കുകളായിരുന്നു മാര്‍ക്‌സിനെപ്പോലെ റസാഖിന്റെയും ആപ്ത വാക്യം. സൃഷ്ടികള്‍ സൃഷ്ടാവിനെ ചോദ്യം ചെയ്യുന്ന പിരാന്തലോ പ്രമേയങ്ങള്‍ റസാഖിലും ആവര്‍ത്തിച്ചു. നാട്യം, മന്‍ഹാട്ടന്‍, ശ്മശാനത്തിലേക്കുള്ള കവാടത്തില്‍ നിന്ന് തുടങ്ങിയ ഏകാങ്കങ്ങള്‍ സ്‌കൂള്‍ നാടക വേദികള്‍ മുതല്‍ നിരവധി അരങ്ങുകളില്‍ ആവര്‍ത്തിച്ചു. വര്‍ഗസമരം പ്രമേയമാക്കി ‘ഉണര്‍ത്തുപാട്ട്’ എന്ന നാടകം കൊണ്ടോട്ടിയിലും പരിസരങ്ങളിലും നിറസദസ്സുകള്‍ തീര്‍ത്തു.

കൗമാര കാലം മുതല്‍ തുറക്കലിലെ വീട്ടുമുറ്റങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും കാണികളാക്കി റസാഖും കൂട്ടുകാരും അവതരിപ്പിച്ച നാടകങ്ങള്‍ മുതലുള്ള ആ ഭൂതകാലമാണ് അയവിറക്കുക. ഒപ്പം സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള റസാഖിന്റെ ജീവിതവും. പാവപ്പെട്ടവരുടെ നിലനില്പിനായുള്ള പോരാട്ടത്തില്‍ റസാഖിന്റെ സാന്നിധ്യം അവസാനം വരെ നിലനിന്നതിന്റെ സാക്ഷ്യവും നടക്കും.

യാഥാസ്ഥികത്വത്തോടും വിഘടന വാദത്തോടും സന്ധിയില്ലാ പോരാട്ടം തന്നെയായിരുന്നു ടി എ റസാഖിന്റ ജീവിതം. കുടുസ്സായ ഹൃദയങ്ങളില്‍ അസ്തിത്വത്തിന്റെ വിശാലമായ പരവതാനി വിരിച്ചിടാന്‍ റസാഖ് അഹോരാത്രം അധ്വാനിച്ചു. യുക്തി ബോധത്തിന്റെ വെള്ളിവെളിച്ചം കൊണ്ട് വിമര്‍ശനങ്ങളുടെ വായടപ്പിച്ചു. താന്‍ സ്വപ്നം കണ്ട നാടിന്റെ നന്മകള്‍ പുലര്‍ന്നു കാണാന്‍ സിനിമാ മേഖലയിലും പ്രവര്‍ത്തിച്ചു. വാസ്തവത്തില്‍ തന്റെ സാമൂഹ്യനാടക ജീവിതത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു ആ സിനിമാജീവിതവും. താരപൊലിമയ്ക്കായി നെട്ടോട്ടമോടുന്ന പുതിയ തലമുറയുടെ സിനിപ്രേമത്തില്‍ നിന്ന് എത്രയോ വ്യത്യസ്തമായിരുന്നു മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ക്യാമറയെ ഉപയോഗിച്ച റസാഖിന്റെ സിനിമ.

റസാഖിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജനുവരി അവസാനം ‘അരങ്ങൊ’രുക്കുന്ന ‘രാപ്പകല്‍’ വാദ്യ നൃത്ത സംഗീത സംഗമത്തോടനുബന്ധിച്ചുള്ള കൂട്ടായ്മ, ഡിസംബര്‍ 2 വെള്ളി ഉച്ചതിരിഞ്ഞ് 2.30ന് താമരശ്ശേരി വീട്ടുമുറ്റത്ത് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍ പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്യും. റസാഖിന്റെ സുഹൃത്തുക്കള്‍, നാടക ബന്ധുക്കള്‍, സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാകും.

Leave a Reply

Your email address will not be published. Required fields are marked *