പുൽപ്പള്ളി: വയനാട് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യ പുരസ്കാരം കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എസ്.ജാഹ്നവി സൈരയ്ക്ക് കവി വീരാൻകുട്ടി സമർപ്പിച്ചു.
ജാഹ്നവി സൈരയുടെ “പാളം” എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 5001 രൂപയും ഫലകവും പ്രശസ്തിപത്രവും പുസ്തകങ്ങളും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യം മനുഷ്യനെ അടുപ്പിച്ചു നിർത്തേണ്ട ഒന്നാകണം. അക്ഷര ജീവിതം നയിക്കുമ്പോഴാണ് മനുഷ്യൻ എന്ന പദവിക്ക് അർഹനായിത്തീരുക.
ഇന്നത്തെ കറുത്ത കാലത്തിൽ വായനയും എഴുത്തും ഒരു ശക്തമായ പ്രതിരോധ പ്രവർത്തനമാണെന്ന് വീരാൻകുട്ടി പറഞ്ഞു. കുട്ടികളുടെ ഉള്ളിലെ നൻമയുടെ തീ ആളിക്കത്തിക്കാൻ സാഹിത്യവേദിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ഗിരീഷ്കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഹാരിസ് നെൻമേനി മുഖ്യ പ്രഭാഷണം നടത്തി. വിശിഷ്ടാതിഥിയെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടം ആദരിച്ചു.
എഴുത്തുകാരൻ അനിൽ കുറ്റിച്ചിറ, പ്രിൻസിപ്പാൾ പി.കെ.വിനുരാജൻ, എസ്. എം. സി. ചെയർമാൻ അബ്ദുൾ റസാഖ്, എം.പി.ടി.എ.വൈസ് പ്രസിഡൻ്റ് രാജി പി, സ്റ്റാഫ് സെക്രട്ടറി രതീഷ് സി.വി, മനു ഇ.എം, നിജിൽ പി.പി, സ്കൂൾ ഡെപ്യൂട്ടി ലീഡർ റിയ ഫാത്തിമ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി സ്വാഗതവും സാഹിത്യവേദി കൺവീനർ ഇ.കെ.ഷാന്റി നന്ദിയും പറഞ്ഞു.