കോഴിക്കോട് / ജിദ്ദ: ജിദ്ദയിൽ നടന്ന ആഗോള അറബി ഭാഷാ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഡോ. ഹുസൈൻ മടവൂരിന്ന് വീണ്ടും സൗദിയിലേക്ക് ക്ഷണം. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം സൗദി ഹജ്ജ് ഉംറ മന്ത്രാലയം നടത്തുന്ന മെഗാ ഹജ്ജ് കോൺഫറൻസിൽ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചത്. ജനുവരി പതിമൂന്ന് തിങ്കളാഴ്ച മുതൽ പതിനാറ് വ്യാഴം കൂടിയ നാല് ദിവസങ്ങളിൽ വിവിധ വേദികളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നൂറ്റി മുപ്പത് വിദഗ്ധർ സംസാരിക്കും.
വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള മന്ത്രിമാരും അംബാസിഡർമാരും
ഹജ്ജ് വകുപ്പ് മേധാവികളും മതപണ്ഡിതന്മാരും പങ്കെടുക്കും. ഹജ്ജ് സംഗമം കൂടുതൽ സൗകര്യപ്രദമാക്കാനു ള വിവിധ മാർഗ്ഗങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുക.
ഹജ്ജുമായി ബന്ധപ്പെട്ട മുന്നൂറോളം വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. മക്കാ ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ സൗദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ എന്നിവർ മേൽനോട്ടം വഹിക്കും. സമ്മേളത്തോടനുബന്ധിച്ച്
അമ്പതിനായിരം ചതുരശ്രമീറ്റർ സ്ഥലത്ത് ഒരുക്കുന്ന ഹജ്ജ് പ്രദർശനം ഒരു ലക്ഷത്തിലധികം പേർ സന്ദർശിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
സമ്മേളനത്തിൽ പങ്കെടുക്കാനായി ഡോ. ഹുസൈൻ മടവൂർ ഞായറാഴ്ച പുറപ്പെടും.