നാഷണൽ കോളേജിൽ ജപ്പാനീസ് ഭാഷ  പഠന കോഴ്സ് ആരംഭിക്കുന്നു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൻറെ ‘ഇൻസൈറ്റ് ഒ നാഷണൽ’ എന്ന വിദ്യാർത്ഥി സൗഹൃദപഠന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആരംഭിച്ച ‘സെൻറെർ ഫോർ ഫോറിൻ ലാങ്‌ഗ്വേജസ്’ ൻറെ കീഴിൽ ആരംഭിക്കുന്ന ജപ്പാനീസ് ഭാഷ  പഠന കോഴ്സ് CDAC മുൻ മേധാവിയും ജപ്പാൻ ഗവൺമെന്റിൻറെ അവാർഡ് ജേതാവും സർട്ടിഫൈഡ് ട്രെയിനറുമായ കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

ANERT മുൻപ്രോജെക്ട് ഡയറക്ടറും ജപ്പാനീസ് ഭാഷ ട്രെയ്നറുമായ ടി.ഡി. കൃഷ്ണകുമാർ ഭാഷ പഠനത്തെക്കുറിച്ചും അനന്തമായ തൊഴിൽ സാധ്യതകളെ കുറിച്ചും ക്ലാസ്സെടുത്തു. മാറുന്ന തൊഴിൽ സാഹചര്യത്തിൽ ഡിഗ്രി പഠനത്തോടൊപ്പം ജപ്പാനീസ് ഭാഷ പഠിക്കുന്നതിലൂടെ ജപ്പാനിലും  ടെക്‌നോപാർക്ക് പോലുള്ള ഐ. ടി. മേഖലയിലും അനന്തമായ തൊഴിൽ സാധ്യതയാണ് ഉള്ളതെന്നും, ജപ്പാനീസ്  ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ചെറുപ്പക്കാരുടെ അഭാവത്തിൽ ജപ്പാനിലെ സംരംഭകർ മറ്റുരാജ്യങ്ങളെയാണ്  ആശ്രയിക്കു ന്നതെന്നും മുപ്പത് വർഷമായി ജാപ്പനീസ് ഭാഷ പഠനവിഭാഗം കൈകാര്യം ചെയ്യുന്ന കെ. അശോക് കുമാർ വ്യക്തമാക്കി.

നൂറ്റിയൻപത് മണിക്കൂർ ഭാഷാപഠനം ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് കോളേജിൽ ക്രമീകരിച്ചിട്ടുള്ളത്. പഠനം പൂർത്തിയാക്കി ഗവൺമെന്റിൻറെ സർട്ടിഫിക്കേഷൻ നൽകി നേരിട്ട് തൊഴിൽ മേഖലയിൽ എത്താൻ സജ്ജമാകുന്ന തരത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സെൻറെർ കോ-ഓർഡിനേറ്റർ ശ്രീ. അജീഷ്. ജി, സിവിൽ സർവീസ് കോ-ഓർഡിനേറ്റർ ശ്രീ. ആഷിക് ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.