ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരം: വിസ്‌ഡം യൂത്ത്

Kozhikode

കോഴിക്കോട്: ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരമാണെന്നും ലഹരി വ്യാപനവും വർദ്ധിക്കുന്ന കൊലപാതകങ്ങളും സമൂഹത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് വളരുന്നതിനെ ഗൗരവപൂർവം നേരിടണമെന്നും വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ‘യൂത്ത് കോൺക്ലേവ്’ അഭിപ്രായപ്പെട്ടു. ലഹരി വ്യാപനം തടയാൻ ഇടപെടേണ്ട ഭരണകൂടം മദ്യ നിർമ്മാണ ഫാക്ടറികൾ വ്യാപകമാക്കാനുള്ള നീക്കങ്ങൾ നടത്തുന്നത് ദുരുപദിഷ്‌ടിതമാണ്.

യുവാക്കളിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നത് മദ്യവും ലഹരിയും ഉപയോഗിക്കുന്നത് കൊണ്ടാണന്നറിഞ്ഞിട്ടും മദ്യം വ്യാപകമാക്കാനുള്ള ശ്രമം യുവാക്കളോടുള്ള ക്രൂരതയാണ്.

മത രാഷ്ട്രീയ കക്ഷി ഭേദമന്യേ പ്രദേശിക തലങ്ങളിൽ ജനകീയ ലഹരി വിരുദ്ധ കൂട്ടായ്മകൾ ഉയർന്ന് വരണമെന്നും സംഗമം ആവശ്യപ്പെട്ടു. മുൻ തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അമീർ അത്തോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ടി.കെ നിഷാദ് സലഫി മുഖ്യപ്രഭാഷണം നിർവഹിച്ചു.

വിസ്‌ഡം ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് വി.ടി ബഷീർ ആശംസകൾ നേർന്നു. സംസ്ഥാന വൈസ്. പ്രസിഡന്റ്മാരായ ഹാരിസ് കായക്കൊടി, പി.പി നസീഫ്, യു മുഹമ്മദ് മദനി, മുജാഹിദ് ബാലുശ്ശേരി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുള്ള അൻസാരി, ഷബീർ കണ്ണൂർ, ട്രഷറർ അൻഫാസ് മുക്രം എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.

ജില്ലാ സെക്രട്ടറി എ.എം ജംഷീർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ്. പ്രസിഡന്റ് ജുബൈർ അബ്ബാസ് നന്ദി പറഞ്ഞു.