കൊച്ചി: ‘ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന’ എന്നൊരു വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്രി ബി ഉണ്ണികൃഷ്ണന്റെ ഫോട്ടോ ഉള്‍പ്പെടുത്തികൊണ്ട് പ്രചരിക്കുന്ന ഈ വാര്‍ത്ത തികച്ചും വ്യാജമാണ്. തിയറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍, ഫെഫ്‌കെ, തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി അറിവില്ല.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫര്‍’ എന്ന സിനിമ ഇറങ്ങാന്‍ 2 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇങ്ങനൊരു വാര്‍ത്ത പ്രചരിക്കുന്നത്. ഇത് ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്ന് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഈ വാര്‍ത്തക്കെതിരേ നിയമ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.