കോഴിക്കോട്: പയ്യോളി തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കല്‍പ്പറ്റയിലെ ജിമ്മില്‍ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസല്‍, വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിന്‍സി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവധി ദിവസമായ ഞായറാഴ്ച ഇവര്‍ രാവിലെ കോഴിക്കോട്ടേക്ക് ടൂര്‍ പോയതായിരുന്നു. വയനാട്ടിലേക്ക് തിരികെ വരുമ്പോള്‍ ബീച്ചില്‍ കയറിയപ്പോള്‍ ആയിരുന്നു അപകടം.