തേഞ്ഞിപ്പലം : കലാലയജീവിതത്തിൽ വിദ്യാർത്ഥികൾ ബഹുസ്വര സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊണ്ട് ജീവിക്കാൻ പരിശീലിക്കണമെന്ന് ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. കാലികറ്റ് യൂണിവേഴ്സിറ്റി സി.എഛ് ചെയറിൽ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടന്ന് വരുന്ന ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളടക്കം നിരവധി പേർ പങ്കെടുത്തു.

വിവിധ മത വിശ്വാസികൾക്കൾക്കിടയിൽ സ്നേഹവും ബഹുമാനവും ഊട്ടിയുറപ്പിക്കാൻ ഇഫ്താർ വിരുന്നുകൾ ഏറെ സഹായകമാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതര സമുദായങ്ങളിൽ പെട്ട സഹപാഠികളും ഇഫ്താറിൽ പങ്കെടുക്കുന്നത് സർവ്വ സാധാരണയാണിവിടെ. നേരത്തെ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഇഫ്താറിൽ പങ്കെടുത്ത് കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അദ്ധ്യാപകരും വകുപ്പ് തലവൻമാരും മറ്റ് ഉദ്യോഗസ്ഥരും സി.എഛ് ചെയർ ഭാരവാഹികളും പങ്കെടുത്തു.