ചാനലുകള്‍ സ്വന്തമാക്കാന്‍ ചാനല്‍ മുതലാളി; അഞ്ചോളം ചാനലുകളുമായി ധാരണ

Kerala

തിരുവനന്തപുരം: കേരളത്തില്‍ സമീപ കാലത്ത് ഉദിച്ചുയര്‍ന്ന ചാനല്‍ മറ്റ് ചാനലുകളെ വിഴുങ്ങാന്‍ നീക്കം സജീവമാക്കി. ആദ്യം ചെറുകിട ചാനലുകളെ വരുതിയിലാക്കി പിന്നീട് കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെ കൂടി പണം മുടക്കി സ്വന്തമാക്കാനാണ് നീക്കം. ഇതിനായി വയനാട് ബന്ധമുള്ള ചാനല്‍ ഉടമകള്‍ ചില ഏജന്‍സികളെ കൂടി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരുടെ യൂണിയനെ വരുതിയിലാക്കുകയും മാധ്യമ രംഗത്ത് സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുകയുമാണ് ചാനല്‍ സംഘം ലക്ഷ്യമിടുന്നത്.

നാടകീയമായി കോടികളുടെ മുതല്‍ മുടക്കും പ്രമുഖ ജേര്‍ണലിസ്റ്റുകളേയും സ്വന്തമാക്കി തുടങ്ങിയ ചാനല്‍ ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ കേരളത്തിന്റെ മുഖ്യധാരയില്‍ എത്തിയതും പ്രമുഖ ഓഹരി ഉടമകളുടെ പിരിച്ചയച്ച് ഉടമസ്ഥാവകാശം കയ്യിലെടുത്തതും മാധ്യമ ലോകത്ത് സജീവ ചര്‍ച്ചയാണ്. ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇംഗ്ലീഷ് ചാനല്‍ തുടങ്ങാന്‍ സജീവ നീക്കം നടത്തുന്ന ഉടമകള്‍ കേരളത്തിലെ ഒട്ടുമിക്ക ചെറുകിട, ഇടത്തരം ഓണ്‍ലൈന്‍ ഉള്‍പ്പടെയുള്ള ചാനലുകളെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. വാര്‍ത്താ ചാനലുകള്‍ മാത്രമല്ല എന്റര്‍ടൈമന്റ് ചാനലുകളും വാങ്ങിക്കൂട്ടാനാണ് ശ്രമം.

കേരളത്തിലെ ചാനലുകളില്‍ പലതും മുന്നോട്ട് പോകാനും പിടിച്ചുനില്‍ക്കാനും കഠിന പരിശ്രമം നടത്തുമ്പോഴാണ് ഒരു ചാനല്‍ കൂളായി ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുന്നത്. ഇംഗ്ലീഷ് ചാനലിന് പുറമെ ഹിന്ദി ഉള്‍പ്പടെ ഭാഷ ചാനലുകളെ കുറിച്ചും ഇവര്‍ പി ആര്‍ ഏജന്‍സികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായാണ് ഒരു ചാനല്‍ കമ്പനി മറ്റ് ഇതര ചാനലുകളെ വിലക്കുവാങ്ങാന്‍ ശ്രമം നടത്തുന്നത്. ഇതിനെല്ലാം പുറമെ മാധ്യമ രംഗത്ത് വലിയ മുതല്‍ മുടക്കിനും ചാനല്‍ കമ്പനി ശ്രമിക്കുന്നതിനിടെ, കേരളത്തില്‍ നിലനില്‍പ്പിന് ബുദ്ധിമുട്ടുന്ന അല്ലെങ്കില്‍ പാടുപെടുന്ന ചാനല്‍ സംഘങ്ങള്‍ ഈ വലിയ മുതല്‍ മുടക്കിന് മുന്നില്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന കാഴ്ചയും ഉണ്ട്. ദൃശ്യ മാധ്യമ രംഗത്ത് അത്ഭുതങ്ങളാണ് കേരളം അടുത്ത രണ്ട് വര്‍ഷത്തിനിടെ കാത്തിരിക്കുന്നത്. കേരള ഭരണത്തെ മാത്രമല്ല കേന്ദ്ര ഭരണത്തേയും തലോടി വലിയ തോതിലുള്ള മാധ്യമ മൂലധന നിക്ഷേപം വ്യാപിപ്പിക്കാനാണ് ശ്രമം.

ചാനല്‍ സംരംഭത്തിന് മുമ്പ് നിരവധി സംരംഭങ്ങള്‍ ആരംഭിക്കുകയും വിവാദത്തിലാവുകയും ചെയ്ത ചാനല്‍ മുതലാളി ഇപ്പോള്‍ ചെറുകിട ചാനലുകളെ വിഴുങ്ങുന്ന കാര്യമാണ് മാധ്യമ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. അതിനപ്പുറം മലയാളത്തിന് പുറമെ ഇംഗ്ലീഷ് ചാനലെന്ന സ്വപ്നവും സാക്ഷാത്കരിക്കുമ്പോള്‍ ദേശീയ മാധ്യമ രംഗത്തും ചാനല്‍ മുതലാളി ശ്രദ്ധേയനാകും. അതേസമയം മലയാളത്തിലെ ചാനലിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും പൂര്‍ണമായിട്ടില്ല എന്നാണ് അറിയുന്നത്.

സി പി എം പാളയത്തിലേക്ക് പോയ ഒരു ചാനല്‍ വിദഗ്ധനെയടക്കം വന്‍ തുടക നല്‍കി പിരിച്ചയച്ചാണ് മലയാളത്തിലെ പുതിയ ചാനല്‍ സൂര്യോദയം നടത്തിയത്. അതിന് പിന്നാലെയാണ് കോടികള്‍ മുടക്കി മാധ്യമ ലോകത്തേക്കുള്ള കടന്നുകയറ്റം. കേരളത്തിലെ പ്രമുഖ ചാനല്‍ മുതലാളിമാരടക്കം അത്ഭുതത്തോടുകൂടിയാണ് ഈ സംഭവ വികാസത്തെ വീക്ഷിക്കുന്നത്.