‘മദനി സമുദായത്തെ മുന്നിൽ നിന്ന് നയിച്ച നേതാവ്’

Malappuram

കൊടിയത്തൂർ: കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമ പ്രഡിഡന്റുമായിരുന്ന എം.മുഹമ്മദ് മദനി സമുദായത്തെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നുവെന്ന് ഇസ്സത്ത് അക്കാദമി ‘മദനി നടന്ന വഴികൾ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

1989ൽ ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ മുബാഹലക്ക് നേതൃത്വം നൽകിയത് മദനിയായിരുന്നു. ആധുനിക കാലഘട്ടത്തിൽ മുസ്‌ലിം സമുദായത്തിന് ലഭിച്ച മാർഗ ദർശിയായിരുന്ന മദനി, സാമുദായിക ഐക്യം കാത്തു സൂക്ഷിക്കാൻ സമൂഹത്തിന് ദിശാബോധം നൽകി അവസാന സമയം വരെ സമുദായ രാഷ്ട്രീയത്തോടൊപ്പം അടിയുറച്ച് നിന്നു. കൊടിയത്തൂർ ടൗൺ ഹാളിൽ വെച്ച് നടന്ന സെമിനാർ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അമീർ അധ്യക്ഷത വഹിച്ചു. അഹമ്മദ് സാജു, പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, ഐ. പി അബ്ദുസ്സലാം, പി.പി അബ്‌ദുറഹ്മാൻ, സി.എം സാബിർ നവാസ്, എം.എ സലാം മാസ്റ്റർ, എം.അഹമ്മദ് കുട്ടി മദനി, റഷാദ് വി.പി, ഷുക്കൂർ സ്വലാഹി എന്നിവർ സംസാരിച്ചു.