കണ്ണൂർ : എൻ ജി ഒ അസോസിയേഷനിൽ സംസ്ഥാന തലത്തിൽ ഉണ്ടായ പിളർപ്പ് കണ്ണൂർ ജില്ലയിലും പ്രതിഫലിച്ചു തുടങ്ങി. ഫെബ്രുവരി 6ാം തീയ്യതിയിലെ സംസ്ഥാന കൗൺസിൽ യോഗത്തിൽ വച്ച് നടന്ന സംഘടനാ തെരഞ്ഞെടുപ്പ് ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ബഹിഷ്കരിച്ചെങ്കിലും ഭൂരിഭാഗം കൗൺസിലർമാർ ചേർന്ന് പുതിയ പ്രസിഡന്റായി എ എം ജാഫർഖാനെയും ജനറൽ സെക്രട്ടറിയായി ജി.എസ്. ഉമാശങ്കറിനെയും ട്രഷററായി പ്രദീപനെയും തെരെഞ്ഞെടുക്കുകയായിരുന്നു. എന്നാൽ സംസ്ഥാന തലത്തിലെ വിഭാഗീയതകൾക്കിടയിലും കണ്ണൂർ ജില്ലയിൽ ഇരു വിഭാഗങ്ങളും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം ലഭിച്ചത്. ആയതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 10ാം തീയ്യതി ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന പ്രക്ഷോഭ പരിപാടിയിൽ ഇരു വിഭാഗങ്ങളും ഒറ്റക്കെട്ടായി പങ്കെടുക്കുകയും ചെയ്തു. ഇത് ചവറയുടെ പരിപാടിയായി മാറ്റാൻ ജില്ലയിലെ നേരത്തെയുണ്ടായിരുന്ന സംസ്ഥാന ഭാരവാഹി ശ്രമിച്ചിരുന്നു. ഇതിനിടെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയുമായി ആലോചിക്കാതെ 21ാം തീയ്യതി ജില്ലാ കമ്മിറ്റി വിളിച്ചു കൂട്ടാൻ തീരുമാനിച്ചതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. ആയതിന്റെ അലയൊലികൾ വരും ദിവസങ്ങളിൽ ജില്ലയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.