ഇസ്ലാമിന്‍റെ അധ്യാപനങ്ങൾ കാലിക പ്രസക്തം: വിസ്ഡം ദഅവാ സമ്മേളനം

Kozhikode

ഫറോക്ക് : ഭൗതികതയിലൂന്നിയ നവീന ആശയങ്ങളുടെ നിരർത്ഥകത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇസ്ലാമിന്റെ ആശയങ്ങളുടെ പ്രസക്തി ലോകം തിരിച്ചറിയുകയാണെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഫറോക്ക് മണ്ഡലം സമിതി സംഘടിപ്പിച്ച തസ്ഫിയ ദഅവ സമ്മേളനം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന അധ്യക്ഷൻ പി ൻ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം നിർവഹിച്ചു. ജനസംഖ്യ നിയന്ത്രണം നടത്തിയ രാജ്യങ്ങൾ ഇന്ന് അതിന്റെ ദുരന്തങ്ങൾ അനുഭവിക്കുകയാണ്. കേവലം ഭൗതികതയിലൂന്നിയ എല്ലാ ആശയങ്ങളുടെയും പര്യവസാനം ഇങ്ങിനെ ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരിയും കൊലയും സാമാന്യവത്കരിക്കപ്പെടുന്നത് ആപത്കരമാണെന്നും ലഹരി വ്യാപനവും വർദ്ധിക്കുന്ന കൊലപാതകങ്ങളും സമൂഹത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് വളരുന്നതിനെ ഗൗരവപൂർവം നേരിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഫറോക്ക് പ്രസിഡണ്ട് മുഹമ്മദ് അസ്‌ലം കോടമ്പുഴ അധ്യക്ഷത വഹിച്ചു. ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി മുഖ്യപ്രഭാഷണം നിർവഹിച്ചു. മുജാഹിദ് ബാലുശ്ശേരി, വിസ്ഡം യൂത്ത് മണ്ഡലം ഭാരവാഹികളായ നൗഫൽ കോടമ്പുഴ, ഹാരിസ് രാമനാട്ടുകര, വിസ്‌ഡം മണ്ഡലം സെക്രട്ടറി അസീസ് കല്ലമ്പാറ, വിസ്‌ഡം സ്റ്റുഡന്റസ് സെക്രട്ടറി ഇസ്മായിൽ കല്ലമ്പാറ, തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ വിവിധ സെക്ഷനുകളിൽ ജബ്ബാർ കടലുണ്ടി, സഫറുദ്ധീൻ കടലുണ്ടി, ബഷീർ ഫാറൂഖി, ഗഫൂർ കടലുണ്ടി യൂനുസ് കുന്നത്പടി, സജിത്ത് രാമനാട്ടുകര തുടങ്ങിയവർ സംബന്ധിച്ചു.