വിധവകളോടുള്ള സമീപനം; പൗരോഹിത്യം തെറ്റുതിരുത്തണം: കെ. എൻ. എം മർകസുദ്ദഅവ ജില്ലാ ആദർശ സംഗമം

Kannur

തളിപ്പറമ്പ് :വിധവകൾക്ക് പുനർവിവാഹം നടത്തുന്നതിനോ യാത്രയും ജോലിയും ചെയ്യുന്നതിനോ സാമൂഹ്യ സേവനത്തിലേർപെടുന്നതിനോ ഇസ്ലാമിക പ്രമാണങ്ങളിലെവിടെയും നിരോധനമില്ലെന്നിരിക്കെ വിധവകൾ യാത്ര നടത്തുന്നതിനെയും പുറത്തിറങ്ങുന്നതിനെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പൗരോഹിത്യ ജൽപനങ്ങളെ യഥാർഥ മത വിശ്വാസികൾ അർഹിക്കുന്ന അവജ്ഞയോടെ തളളിക്കളയണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ആദർശ സമ്മേളനം.

സ്ത്രീകൾക്ക് ഇസ്ലാം വകവെച്ച് നൽകിയ അന്തസ്സാർന്ന അവകാശങ്ങളിൽ പൗരോഹിത്യം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് അവർ തിരുത്തണം.
വിശ്വാസികൾ ചൂഷകപൗരോഹിത്യ കെണി വലയിൽ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.

മുജാഹിദ് പ്രസ്ഥാനം ഒരു നൂറ്റാണ്ടു കാലം കഠിനാദ്ധ്വാനം ചെയ്ത് നിഷ്കാസനം ചെയ്ത ജിന്നുകൂടൽ, കുടോത്രം, ബാധയിറക്കൽ തുടങ്ങിയ അന്ധവിശ്വാസങ്ങളെ പുനരാനയിച്ച് കൊണ്ടുവരാനുള്ള നവയാഥാസ്ഥിതികരുടെ ശ്രമങ്ങളെ സംഗമം അപലപിച്ചു. അന്ധവിശ്വാസങ്ങളുടെ ഫലമായി കുടുംബ ഛിദ്രതയും കൊലപാതകങ്ങളും വർദ്ധിച്ചവരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസ നിർമ്മാർജന നിയമം നടപ്പാക്കാൻ താമസം ഉണ്ടാകരുതെന്നും സംഗമം ആവശ്യപ്പെട്ടു.

‘കാലം തേടുന്ന ഇസ്ലാഹ് ‘ എന്ന പ്രമേയത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ആദർശ സംഗമം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി സി ശകീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം അലി മദനി മൊറയൂർ, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര, ടി. മുഹമ്മദ് നജീബ്, ഫൈസൽ ചക്കരക്കൽ, പി.ടി.പി മുസ്തഫ എന്നിവർ പ്രസംഗിച്ചു.