ആര്‍ എസ് എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ജമാഅത്തെ ഇസ്‌ലാമി; ഇനിയും ചര്‍ച്ച നടത്തും

Kerala News

എ വി ഫര്‍ദിസ്

കോഴിക്കോട്: ആര്‍ എസ് എസ് നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി ആരിഫലി. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കിയ സംഘടന എന്ന നിലയിലാണ് ആര്‍ എസ് എസ്സുമായി ജനുവരി 14ന് ചര്‍ച്ച നടത്തിയതെന്ന് ടി ആരിഫ് അലി ഇന്നലെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുസ്‌ലിം സംഘടനകളും ആര്‍ എസ് എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, ഷാഹിസ് സിദ്ദീഖി, സയീദ് ഷെര്‍വാനി എന്നിവരുമായി 2022 ആഗസ്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെയാണ് ഇത്തരമൊരു ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയത്. ചര്‍ച്ചകള്‍ക്കായി ആര്‍ എസ് എസ് നാലംഗ സമിതിക്ക് രൂപം നല്‍കുകയും ചെയ്തു. ഖുറേഷിയാണ് ചര്‍ച്ചയുമായി സഹകരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമിയോട് അഭ്യര്‍ഥിച്ചത്. കൂടിക്കാഴ്ച പൊതുസമൂഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമല്ലാത്തതിനാലാണ് തങ്ങള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ആള്‍ക്കൂട്ട ആക്രമണം, അനധികൃത നിര്‍മാണങ്ങളുടെ പേരു പറഞ്ഞ് കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയവും നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും യോഗത്തില്‍ തങ്ങള്‍ ഉയര്‍ത്തിക്കാട്ടി. കാശിയിലെയും മധുരയിലെയും മോസ്‌കുകളുമായി ബന്ധപ്പെട്ട വിഷയമാണ് ആര്‍ എസ് എസ് ഉയര്‍ത്തിയത്. വിശ്വാസികളുടെ പ്രശ്‌നമെന്നാണ് ആര്‍ എസ് എസ് പറഞ്ഞത്. അതേക്കുറിച്ച് തങ്ങള്‍ക്ക് പറയാനൊന്നുമില്ലെന്ന് മറുപടിയും നല്‍കി. ആര്‍ എസ് എസിന്റെ രണ്ടാം നിര നേതാക്കളുമായാണ് തങ്ങള്‍ ചര്‍ച്ച നടത്തിയതെന്നും മുന്‍ നിരനേതാക്കളുമായി രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടത്തുമെന്നും ആരിഫലി അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഡിസംബറില്‍ കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ സംഘ്പരിവാര്‍ നേതാക്കളെ അതിഥിയായി വിളിച്ചത് ഏറെ വിവാദമായിരുന്നു. സി.പി.എം എം.പി. ജോണ്‍ ബ്രിട്ടാസ് കെ.എന്‍.എം നേതൃത്വത്തെ സമ്മേളന വേദിയില്‍ വെച്ച് തന്നെ ഇതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ സമ്മേളനത്തിനെത്തിയ കോണ്‍ഗ്രസ് ലീഗ് നേതാക്കളും വിമര്‍ശിച്ചു.

തുടര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള തന്റെ വീട്ടിന്റെ തൊട്ടടുത്ത് ആസ്ഥാനമുള്ള മുസ്‌ലിം സംഘടന (ജമാഅത്തെ ഇസ്‌ലാമി) എന്തിനാണ് ഇതിനെ വിവാദമാക്കുന്നതെന്നും താന്‍ തന്നെ എത്ര പ്രാവശ്യം നിങ്ങളുടെ സമ്മേളനത്തിനു വന്നിട്ടില്ലേയെന്നും ജമാഅത്തിന്റെ സംസ്ഥാന നേതാക്കളോട് ചോദിച്ചതിനെയടക്കം പരസ്യമായി വെളിപ്പെടുത്തിയിരുന്നു. പിന്നീട് എസ്.എസ്. എഫിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിലും ബി.ബി.സി ഡോക്യൂമെന്ററി വിഷയത്തെ മുന്‍ നിറുത്തി കേന്ദ്ര ഗവണ്‍മെന്റിനെ പിന്തുണച്ച് പ്രമേയം പാസാക്കുകയും മുതിര്‍ന്ന സുന്നി നേതാവ് സംഘ് പരിവാര്‍ അനുകൂല നിലപാടില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.

അപ്പോഴെല്ലാം നേരെ എതിര്‍ നിലപാടെടുത്ത ജമാഅത്തെ ഇസ്ലാമിയാണ് തങ്ങള്‍ ആര്‍. എസ്. എസുമായി ചര്‍ച്ച നടത്തിയെന്നും ഇനിയും ചര്‍ച്ച നടത്തുമെന്നും ഇപ്പോള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *