മാധ്യമ പ്രവര്‍ത്തനം പവിത്രമാണെന്ന് പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം: മന്ത്രി പി പ്രസാദ്

Thiruvananthapuram

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനം പവിത്രമായ ഒന്നാണെന്ന് ആരുടെ മുന്നിലും പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ ഏറ്റവും പിന്നിലാവുന്നത് എന്തുകൊണ്ടാണെന്നും ചിന്തിക്കണം. ജനാധിപത്യത്തിന്റെ എന്‍ജിനാണ് മാധ്യമങ്ങള്‍ എന്ന വസ്തുത മറക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബിരുദസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.പ്രസാദ്.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ആര്‍. പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.ജി ഡയറക്ടറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

പി.ജി.ഡി.ജെ 56ാം ബാച്ചിലെയും പി.ജി.ഡി.സി.ജെ 20ാം ബാച്ചിലെയും റാങ്കു ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളും വിജയികള്‍ക്കുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇ.എ.ഫെര്‍ണാണ്ടസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ സമ്മാനിച്ചു.
ജേർണലിസം വിദ്യാർത്ഥികൾക്കുള്ള ഇ.എ ഫെർണാണ്ടസ് അവാർഡ്,
2011 ൽ തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസവുമായി സഹകരിച്ച് ആരംഭിച്ചതാണ്.

2024-ലെ ഒന്നാം സമ്മാനം 15000 രൂപയുടെ ക്യാഷ് അവാർഡും ഫലകവും ഹരിപ്രിയ എം.എസ്. എന്ന വിദ്യാർത്ഥിക്കാണ് സമ്മാനിച്ചത്. രണ്ടാം സമ്മാനം നേടിയ ബിസ്മി ബേബിക്ക് 5000 രൂപയും ഫലകവും സമ്മാനിച്ചു.

ഈവനിംഗ് ബാച്ചിലെ വിദ്യാര്‍ത്ഥി ഡോ.അനിത ജെ.കെയും പ്രൊഫ.എന്‍.ജെ.കെ.നായരും ചേര്‍ന്നേഴുതിയ ടോപ്പിക്‌സ് ഇന്‍ ജിയോഗ്രഫി എന്ന പുസ്തകം മന്ത്രി പി പ്രസാദ് കെ ജയകുമാറിന് നല്‍കി പ്രകാശിപ്പിച്ചു. ഐ.ജെ.ടി ഡയറക്ടര്‍ ഡോ.ഇന്ദ്രബാബു ആമുഖ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി എം.രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വിനീഷ് വി.നന്ദിയുംപറഞ്ഞു