യാത്രാവിവരണം/വി.ആര്‍.അജിത് കുമാര്‍
ബംഗാളില്‍ 1977 ജനുവരിയില്‍ സ്ഥാപിതമായ ഇടതു സഖ്യത്തിന് തുടര്‍ച്ചയായി ഏഴ് സര്‍ക്കാരുകളെയാണ് നയിക്കാന്‍ കഴിഞ്ഞത്.കമ്മ്യൂണിസ്റ്റ് നയങ്ങള്‍ പുതിയകാല ഇന്ത്യക്ക് അനുയോജ്യമല്ല എന്നു മനസ്സിലാക്കി ജ്യോതിബാസുവിന്‍റെ പിന്‍ഗാമിയായി വന്ന മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്‍ജി 2010 ല്‍ വരുത്താന്‍ ശ്രമിച്ച മാറ്റമാണ് പശ്ചിമ ബംഗാളിലെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചത്.താറുമാറായ സാമ്പത്തിക രംഗത്തിന് പുതുജീവന്‍ നല്കാനായിരുന്നു നന്ദിഗ്രാമില് പ്രത്യേക സാമ്പത്തിക മേഖല കൊണ്ടുവരാന്‍ ശ്രമിച്ചതും ടാറ്റയുടെ നാനോകാര്‍ ഫാക്ടറിക്ക് സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചതും. വികസനവിരുദ്ധര്‍ അവസരത്തെ പരമാവധി ചൂഷണം ചെയ്തു.അവര്‍ ഡിംധൂരിലെയും നന്ദിഗ്രാമിലെയും പാവങ്ങളായ കര്‍ഷകരെ ഇളക്കിവിട്ട് പ്രക്ഷോഭം നടത്തി.ഇത് അനേകം പേരുടെ മരണത്തിലാണ് കലാശിച്ചത്.ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ മമതാ ബാനര്‍ജിക്ക് കഴിഞ്ഞു.ചുരുക്കത്തില്‍ ഇടതുപക്ഷത്തിന്‍റെ വികസന അജണ്ട നടപ്പിലാക്കുന്നതില് സംഭവിച്ച അപാകതയാണ് ബംഗാളില്‍ സഖ്യത്തിന്‍റെ തകര്‍ച്ചയ്ക്കും തൃണമൂല് കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്കും ഇടയാക്കിയത്.എന്നാല്‍ ത്രിപുരയില്‍ വികസനത്തില്‍ ശ്രദ്ധകൊടുക്കാതെ പരമ്പരാഗത കമ്മ്യൂണിസ്റ്റ് രീതികള്‍ പിന്‍തുടര്‍ന്നതാണ് ഇടതുപക്ഷത്തെ ഉപേക്ഷിക്കാനും ബിജെപിയെ സ്വീകരിക്കാനും വോട്ടറന്മാരെ നിര്‍ബ്ബന്ധിതരാക്കിയത്.

ബംഗാളില്‍ പാര്‍ട്ടി ജനങ്ങളെ അടിമകളാക്കിവച്ചിരുന്ന അതേ രീതിയാണ് ത്രിപുരയിലും തുടര്‍ന്നുവന്നത്.ഒരു ജനാധിപത്യ രാജ്യത്ത് പൌരന് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അവന് നല്‍കണമോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കുയായിരുന്നു.പ്രാദേശിക നേതാക്കളായിരുന്നു അതാതിടത്തെ നാട്ടുരാജാക്കന്മാര്‍.ഓരോ കുടുംബവും അവരുടെ വരുമാനത്തിന്‍റെ ഒരു നിശ്ചിത വിഹിതം പാര്‍ട്ടിക്ക് നല്‍കേണ്ടിയിരുന്നു.ബാലറ്റിലൂടെ ആര്‍ക്കാണ് വോട്ടുചെയ്യുന്നത് എന്ന് കണ്ടെത്താനും ചാരന്മാരുണ്ടായിരുന്നു.പാര്‍ട്ടിക്ക് വോട്ടുചെയ്യാത്തവരെ ഉപദ്രവിക്കുകയോ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്തു വന്നു.അങ്ങിനെ ആകെ ഭയന്നു ജീവിച്ച മനുഷ്യര്‍ ഒടുവില്‍ പാര്‍ട്ടിയെ കൈവിടുകയായിരുന്നു.ഏഴാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാതിരുന്നതോടെ സര്‍ക്കാര്‍ ജീവനക്കാരും എതിരായതാണ് വലിയ തിരിച്ചടിക്ക് കാരണമായത്. രാഷ്ട്രീയം സംസാരിക്കാന്‍ പൊതുവെ വിമുഖരായ ത്രിപുരക്കാരില് നിന്നും പ്രയാസപ്പെട്ട് മനസിലാക്കിയ രാഷ്ട്രീയ ചരിത്രമാണിത്. മലയാളിക്ക് കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും പോലെ പ്രധാനമാണ് രാഷ്ട്രീയം എന്നതിനാല്‍ എവിടെയും എന്‍റെ സംഭാഷണത്തില്‍ രാഷ്ട്രീയം കലരുന്നുണ്ടായിരുന്നു.എന്നാല്‍ ത്രിപുരക്കാര്‍ ആ വിഷയം പരമാവധി ഒഴിവാക്കുന്നതിന് ശ്രമിക്കുകയും ചെയ്തു.
1977 വരെ ത്രിപുരയിലെ ഭരണകക്ഷി കോണ്‍ഗ്രസായിരുന്നു.അടിയന്തിരാവസ്ഥയ്ക്ക് ശേഷമാണ് ബംഗാളിലെപോലെ ത്രിപുരയിലും ഇടതുപക്ഷം ശക്തിപ്രാപിച്ചത്. 1967 ല്‍ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ഇടതുപക്ഷം 1972 ല്‍ 16 സീറ്റും 1977 ല്‍ അറുപതില്‍ അന്‍പത്തിയഞ്ച് സീറ്റും നേടി.നൃപന്‍ ചക്രബര്‍ത്തിയായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി.1988 ല്‍ ത്രിപുര ഉപജാതി ജൂബ സമിതിയുമായി സഖ്യത്തിലായ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി.എന്നാല്‍ 1993 ല്‍ ഭരണം തിരിച്ചുപിടിച്ച ഇടതുപക്ഷം 2018 വരെ അധികാരത്തില്‍ തുടര്‍ന്നു.2018 ല്‍ ഇടതുപക്ഷത്തിന്‍റെ 25 വര്‍ഷം നീണ്ട തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്. ഇന്‍ഡിജിനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുരയുമായുള്ള സഖ്യവും കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുമാണ് ബിജെപിക്ക് ഗുണകരമായത്. 2023 ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും സഖ്യത്തിലായി.അവര്‍ 36.01 ശതമാനം വോട്ടും 14 സീറ്റും നേടി.എന്‍ഡിഎ 40.23 ശതമാനം വോട്ടും 33 സീറ്റും തിപ്രമോത്ത പാര്‍ട്ടി 19.69 ശതമാനം വോട്ടും 13 സീറ്റും നേടി. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഇടത്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക ആക്രമണം നടത്തി എന്നും പറയപ്പെടുന്നു. ബംഗാള്‍ സമൂഹത്തിലെ ഗുണ്ടകള്‍ സിപിഎം വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം കൂടിയപോലെ ഇവിടെയും ഭരണകക്ഷിയായ ബിജെപിയ്ക്കൊപ്പം കുഴപ്പക്കാര്‍ കൂടിയിട്ടുണ്ടാവണം. ഏതായാലും രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തനവും ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമുള്ള ഒരു പ്രതിഭാസമായി മാറിയിട്ടുണ്ട്. അവിടവിടെ ചില പാര്‍ട്ടി കൊടികളും ഫ്ലക്സും കാണാം എന്നതിനപ്പുറം ശാന്തമാണ് പുറമെ കാണുന്ന ത്രിപുര.(തുടരും)