കോട്ടയം: കേരളത്തിലുള്ള അതിഥിത്തൊഴിലാളികളുടെ ലഹരി മാഫിയ സംഘങ്ങളും ഭീകരവാദസംഘടനകളുമായുള്ള ബന്ധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും ആഭ്യന്തരവകുപ്പും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കി അടിയന്തര നടപടികളെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ഗ്രാമങ്ങളില്‍പോലും കഞ്ചാവും എംഡിഎംഎയും ഇതര രാസലഹരികളും സംലഭ്യമാകുമ്പോള്‍ ലഹരി വസ്തുക്കളുടെ പ്രധാന വാഹകരും വിതരണക്കാരും അന്യസംസ്ഥാനത്തൊഴിലാളികളും, അവരുടെ പ്രാദേശിക സംരക്ഷകരും, ഏജന്റുമാരുമാണെന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിക്കേസുകളുമായി സംസ്ഥാനത്തുടനീളം നടന്ന വിവിധ അറസ്റ്റുകള്‍ ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളം അതിഥികളായി വിളിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ നാടിന്റെ അന്തകരായി മാറുന്ന സാഹചര്യം അനുവദിച്ചുകൊടുക്കാനാവില്ല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, ഹോട്ടലുകള്‍, രാത്രികാല തട്ടുകടകള്‍,ടൂറിസം മേഖലകള്‍ എന്നിവ കേന്ദ്രമാക്കിയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളും വിപുലമായ ലഹരിവിതരണ ശൃംഖലകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം.
അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ സംഘടിതരൂപം കൈവരിച്ചിരിക്കുന്നതും വോട്ടേഴ്സ് ലിസ്റ്റില്‍ ഇവരുടെ പേരുചേര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദസംഘടനകളും മത്സരിച്ച് ശ്രമിക്കുന്നതും വലിയ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തും. ഭീകരവാദപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരും അതിഥികളായി കേരളത്തില്‍ തമ്പടിച്ചിരിക്കുമ്പോള്‍ ഇതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നില്ലെങ്കില്‍ സംസ്ഥാനം കൂടുതല്‍ അപടകത്തിലേയ്ക്ക് നിപതിക്കുന്ന നാളുകള്‍ വിദൂരമല്ലെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.