വിമര്‍ശനങ്ങളെ ഭയപ്പെടുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നടപടി സ്വേച്ഛാധിപത്യപരം: രാഷ്ട്രീയ ജനതാദള്‍

Kerala

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും വിമര്‍ശനത്തെ ഭയപ്പെടുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് അനു ചാക്കോ. വിമര്‍ശനങ്ങള്‍ നടത്തുകയും തെറ്റു ചുണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ സ്വേച്ഛാധിപതികളെപ്പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത്.

ആദായ നികുതി വകുപ്പും സി ബി ഐയും എന്‍ ഐ എയുമടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അനു ചാക്കോ ആരോപിച്ചു. ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് മോദി സര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ എപ്പിസോഡാണ് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി നിര്‍മ്മിച്ച ബിബിസിയുടെ ഓഫീസില്‍ നടത്തിയ പരിശോധന.

കേന്ദ്രസര്‍ക്കാറിന്റെ ഭരണ പരാജയവും ജനദ്രോഹ നടപടികളും ജനങ്ങളെ അറിയിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അനു ചാക്കോ പറഞ്ഞു. ഗുജറാത്ത് വംശഹത്യയ്ക്കും ന്യൂനപക്ഷ ദുരവസ്ഥക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ഡോക്യുമെന്ററി പുറത്തിറക്കിയതിനു പിന്നാലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിനെ ഉപയോഗിച്ചു പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണകൂട നിഗൂഢതകളെ പുറത്തുകൊണ്ടുവരുമെന്ന ഭയമാണ് ഇത്തരം നടപടികളുടെ പിന്നില്‍. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് അനു ചാക്കോ അഭിപ്രയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *