മുക്കം: നന്മയുടെ ഒരായിരം നിറവുള്ള പുണ്യ റമദാനിൽ തങ്ങളുടെ ഗുരുനാഥന്മാർക്ക് ഇഫ്ത്വാറൊരുക്കി കക്കാട് ജി എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. സെന്റോഫ് റമദാനിന് മുമ്പേ സ്‌കൂളിൽ നടത്തിയിരുന്നെങ്കിലും, നാടൊട്ടുക്കും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇഫ്ത്വാറുകൾ നടക്കുമ്പോഴാണ് തങ്ങൾക്ക് അക്ഷരമധുരം പകർന്ന പ്രിയപ്പെട്ട അധ്യാപകരെ നോമ്പുതുറയിലൂടെ സൽക്കരിക്കണമെന്ന് ഈ വർഷം സ്‌കൂളിൽനിന്നും പിരിയുന്ന നാലാം ക്ലാസ് ഇംഗ്ലീഷ്, മലയാളം ഡിവിഷനുകളിലെ വിദ്യാർത്ഥികൾ ആഗ്രഹം പ്രകടിപ്പിച്ചത്. തുടർന്ന് അവർ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയും അവർ വളരെ പോസിറ്റീവായി പ്രതികരിക്കുകയുമായിരുന്നു.

വളരെ ലളിതവും മാതൃകാപരവുമായിരുന്നു കുട്ടികളുടെ ഇഫ്ത്വാർ. നോമ്പ് തുറയിലേക്കാവശ്യമായ വിഭവങ്ങൾ ഒട്ടുമുക്കാലും കുട്ടികൾ തന്നെ ഓരോരുത്തരുടെയും വീട്ടിൽനിന്നും സമാഹരിച്ച് എത്തിക്കുകയായിരുന്നു. ചെലവുകൾക്കായി ചെറിയൊരു തുകയും പരസ്പരം വീതമിട്ടു. ആവശ്യമായ മേൽനോട്ടവും മറ്റു പിന്തുണയും അധ്യാപകരുടെയും പി.ടി.എയുടെയും ഭാഗത്തുനിന്നുമുണ്ടായി.
ഒപ്പം കണ്ടോളിപ്പാറയിൽ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് അത്യാധുനിക നിലയിൽ ഉയരുന്ന പുതിയ ഹൈടെക് കെട്ടിടത്തിന്റെ പണി പൂർത്തിയായ പുതിയ ക്ലാസ് മുറിയിൽ ഒരുമിച്ചിരുന്ന് അവർ സന്തോഷവും സ്വപ്‌നങ്ങളും പങ്കുവെച്ചതും ഏറെ ഹൃദ്യമായി.
പുതിയ ഹൈടെക് കെട്ടിടത്തിൽ പഠിക്കാൻ അവസരം ഉണ്ടായില്ലെങ്കിലും വരാനിരിക്കുന്ന തങ്ങളുടെ കുഞ്ഞുസഹോദരങ്ങൾക്ക് അതിനുള്ള കളം ഒരുങ്ങുന്നതിലും ഭാവിയിൽ യു.പി ആയി ഉയർത്താനുള്ള ശ്രമത്തിലും കുട്ടികൾ നിറഞ്ഞ പിന്തുണ അറിയിച്ചു. ഇഫ്ത്വാറിന് സ്‌കൂൾ ലീഡർ നാബിഹ് അമീൻ കെ.സി, ഡെപ്യൂട്ടി ലീഡർ ഷാദിയ എം, മുഹമ്മദ് റാസി ജി, ആഷ്‌ലി കെ, സുലൈഫ, നിഷിൽ എം, സഹൽ പി, മുനവ്വർ, റസിൻ കെ, അദ്‌നാൻ കെ.പി, മുസമ്മിൽ ഇ, ആർഷി, റസൽ, ഫൈസാൻ, ഫെല്ല, ഫാത്തിമ, ഫർഹ, മിഷ്ബ തുടങ്ങിയവർ നേതൃത്വം നൽകി.

അധ്യാപകരായ കെ ഫിറോസ് മാസ്റ്റർ റമദാൻ സന്ദേശവും ഷാക്കിർ പാലിയിൽ റമദാൻ സംഗീതവും പകർന്നു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ എം സംസാരിച്ചു. ലഹരിയുടെ പുതിയ ചതിക്കുഴികളും അവധിക്കാലത്ത് ശ്രദ്ധിക്കേണ്ട പുതു പാഠങ്ങളുമെല്ലാം ചടങ്ങിൽ ഓർമിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, അധ്യാപകരായ ജി ഷംസുദ്ദീൻ, റഹീം നെല്ലിക്കാപറമ്പ്, പി.ടി വിജില, എം.പി ഖൈറുന്നീസ, ഇ.പി ഫർസാന, ഗീതു ദാസ്, അഷ്‌റ എസ്റ്റേറ്റുംപടി, ഷിൽന പർവീൺ, ഷീബ, വിപിന്യ, സ്‌കൂൾ സ്റ്റാഫ് സലീന എം, തസ്‌ലീന സി, എസ്.എം.സി ചെയർമാൻ ജലാലുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി ഷൗക്കത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീർ പാറമ്മൽ, റഷാദ് എം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, നൗഷാദ് വി തുടങ്ങിയവർ നടത്തിപ്പിന് മേൽനോട്ടം വഹിച്ചു.