ഉദ്യോഗസ്ഥന്മാർ ഇങ്ങനെയാവണം; അനുഭവ കുറിപ്പുമായി ഡോ ഹുസൈന്‍ മടവൂര്‍

Kozhikode

കോഴിക്കോട്: കഴിഞ്ഞ ചൊവ്വാഴ്ച ( മാർച്ച് 18 ന് ) കുവൈറ്റിലേക്ക് പോവാൻ ടിക്കറ്റെടുത്തതായിരുന്നു. പിന്നീടാണ് 19 ന് ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയത്. അതിനാൽ യാത്ര ഒരു ദിവസം നീട്ടി. ഇഫ്താറിൽ പങ്കെടുത്ത് അർദ്ധരാത്രി തിരുവനന്തപുരം എയർപോർട്ടിലെത്തി.

ജസീറ എയർവേയ്സിലാണ് യാത്ര. ചെക് ഇൻ കൗണ്ടറിൽ എൻ്റെ വിസ പരിശോധിച്ച സ്റ്റാഫ് പറഞ്ഞു വിസ കാലാവധി 18 ന് തീർന്നിട്ടുണ്ട്, അതിനാൽ കുവൈറ്റിലിറങ്ങാൻ സാധിക്കില്ല എന്ന്. ഒരു നിമിഷം പകച്ച് പോയി. എൻ്റെ അശ്രദ്ധ. നാൽപ്പത്തിയഞ്ച് വർഷമായി വിദേശയാത്ര നടത്തുന്ന എനിക്ക് ആദ്യമായാണിത്തരം ഒരനുഭവമുണ്ടായത്. സാരമില്ല. യാത്ര മുടങ്ങിയാൽ അതിലെന്തെങ്കിലും നന്മയുണ്ടാവുമെന്ന് സമാധാനിച്ചു. അതാണല്ലോ അല്ലാഹുവിൻ്റെ ഖദ്റിലും ഖളാഇലും ( ദൈവ നിശ്ചയത്തിൽ ) ഉള്ള വിശ്വാസം നമുക്ക് നൽകുന്ന ആശ്വാസം. അപ്പോഴാണോർമ്മ വന്നത് , പാസ്പോർട്ടിൽ ചില രാജ്യങ്ങളുടെ കാലാവധിയുള്ള വിസയുണ്ടെങ്കിൽ അതിൻ്റെ അടിസ്ഥാനത്തിൽ മറ്റു ചില രാജ്യങ്ങളിൽ ഓൺ അറൈവൽ ടൂറിസ്റ്റ് വിസലഭിക്കുമെന്ന കാര്യം.

അങ്ങനെയുള്ള വിസയുണ്ടെങ്കിൽ കുവൈറ്റിലിറങ്ങാനാകുമോ എന്ന് അവരോട് ചോദിച്ചു. അവർ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ കൂട്ടിക്കൊണ്ട് വന്നു.
എൻ്റെ പാസ്പോർട്ടിൽ കാലാവധിയുള്ള അമേരിക്കൻ വിസയും ദുബൈ ഗോൾഡൻ വിസയുമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒരു സീറ്റ് കാണിച്ച് കൊണ്ട് പറഞ്ഞു : സാർ ഇവിടെ ഇരിക്കൂ, ഞാനൊന്ന് ചെക്ക് ചെയ്യട്ടെ എന്ന്. അദ്ദേഹം ആ രണ്ട് വിസയുടെയും ഫോട്ടോ എടുത്ത് കുവൈറ്റ് എമിഗ്രേഷനിലേക്ക് തൻ്റെ മൊബൈലിൽ നിന്ന് മെയിൽ ചെയ്തു.

പത്ത് മിനുട്ട് കഴിഞ്ഞ് അദ്ദേഹം വന്ന് കുവൈറ്റ് എമിഗ്രേഷൻ്റെ മറുപടി വന്നിട്ടുണ്ടെന്നും അവർ എൻ്റെ സർട്ടിഫിക്കററുകളുടെ കോപ്പി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
മഹാഭാഗ്യത്തിന് എൻ്റെ സർട്ടിഫിക്കറ്റുകൾ മൊബൈലിൽ സേവ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അതും കുവൈറ്റിലേക്ക് മെയിൽ ചെയ്തു.
കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു പറഞ്ഞു: ഒ കെ സാർ, കുവൈറ്റിൽ ഓൺ അറൈവൽ വിസ കിട്ടുമെന്ന മെസ്സെജ് വന്നു , ഇനി ചെക് ഇൻ പൂർത്തിയാക്കാം എന്ന്.

കുവൈറ്റിലിറങ്ങി. മനസ്സിൽ ചെറിയ ഒരു അങ്കലാപ്പ് . ഓൺ അറൈവൽ വിസ ഇഷ്യു ചെയ്യുന്ന കൗണ്ടറിൽ ചെന്നു വിവരം പറഞ്ഞു. ഡ്യൂട്ടി ഓഫീസർ കംപ്യൂട്ടറിൽ എൻ്റെ പാസ്പോർട്ട് നമ്പർ അടിച്ചു. തിരുവനന്തപുരത്ത് നിന്ന് അയച്ച എല്ലാ വിവരങ്ങളും വിസാ സർട്ടിഫിക്കറ്റ് കോപ്പികളും ഡൗൺലോഡായി മുന്നിൽ തെളിഞ്ഞു.
അദ്ദേഹം പറഞ്ഞു. അബ്ശിർ യാ ദകതൂർ, ലി കുല്ലി മുശ്കില ഹൽ (ഡോക്ടർ , സന്തോഷമായിരിക്കൂ. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവും ). ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. വിസ അനുവദിച്ച് കിട്ടി. അല്ലാഹുവിന്ന് സ്തുതിയർപ്പിച്ചു.
അൽഹംദു ലില്ലാഹ് . തിരുവനന്തപുരം എയർ പോർട്ടിൽ എന്നെ സഹായിച്ച ആ നല്ല മനുഷ്യന്ന് നന്ദി.

അദ്ദേഹം അര മണിക്കൂറോളം സമയം പരിശ്രമിച്ച് കുവൈറ്റ് എമിഗ്രേഷനുമായി ബന്ധപ്പെട്ടാണ് എൻ്റെ യാത്ര സാധ്യമാക്കിത്തന്നത്. വേണമെങ്കിൽ ഒറ്റവാക്കിൽ ,
വിസ കാലാവധി കഴിഞ്ഞു, നിങ്ങൾക്ക് പോവാനാവില്ല എന്ന് പറഞ്ഞ് എന്നെ മടക്കി അയക്കാമായിരുന്നുവല്ലോ. എൻ്റെ ശ്രദ്ധക്കുറവ് മൂലമാണല്ലോ പ്രശ്ങ്ങളുണ്ടായത്.

നന്ദി. നന്ദി സാർ. ഞാൻ മനസ്സിൽ പറഞ്ഞു പോയി: ഉദ്യോഗസ്ഥന്മാർ ഇങ്ങനെയാവണം.