തളിപ്പറമ്പ:കുടുംബങ്ങളിൽ ധാർമ്മികമായ ചർച്ചകളും പഠനങ്ങളും പതിവാക്കിയാൽ ലഹരി വിപത്തിനെ പ്രതിരോധിക്കാനും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഉത്തമ സമൂഹത്തെ വാർത്തെടുക്കാനാകുമെന്നും യുവ വാഗ്മിയും ഐ.എസ്.എം ജില്ലാ പ്രസിഡൻ്റുമായ റാഫി പേരാമ്പ്ര.കെ.എൻ.എം മർകസുദ്ദഅവ തളിപ്പറമ്പ മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ‘കാലം തേടുന്ന ധാർമ്മികത ‘എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ഭൗതിക പഠനത്തോടൊപ്പം ധാർമ്മിക പാഠങ്ങൾ നൽകുന്നതിലെ വീഴ്ചയാണ് വിദ്യാർത്ഥി സമൂഹം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്കും ദുരവസ്ഥക്കും കാരണമെന്നും പരിഹാരം കുടുംബാന്തരീക്ഷം മക്കളെ സ്നേഹവായ് പോടെ ചേർത്തു പിടിക്കുന്നതും അവർക്ക് നന്മയുടെ പാഠങ്ങൾ പകർന്നു നൽകാനുമുള്ളതുമാകണം. ഇത്തരം സംവിധാനങ്ങളിലുടെ ധാർമ്മിക മൂല്യങ്ങൾ കൈവരിച്ച വിദ്യാർത്ഥി സമുഹത്തെ നൽകാനും ലഹരി വിപത്തിനെ അതിജയിക്കാനും ലഹരി മാഫിയകളെ പ്രതിരോധിക്കാനുമാകും.

ധാർമ്മിക ജീവിതത്തിൻ്റെ അഭാവമാണ് അധാർമ്മിക പ്രവണതകൾ വളരുന്നതിന്ന് ഇടയായിട്ടുള്ളതെന്നും ധാർമ്മിക സമൂഹത്ത വളർത്തി കൊണ്ടുവരുന്നതിന്ന് സമൂഹം ഉണരണമെന്നും റാഫി പേരാമ്പ്ര അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്രാ ഖുർആൻ പഠന പദ്ധതിയായ ‘വെളിച്ചം’ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സാക്ഷ്യപത്ര വിതരണം കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ജോ. സെക്രട്ടറി പി.ടി.പി മുസ്തഫ, എസ്.എ.പി മുസ്തഫ എന്നിവർ നിർവ്വഹിച്ചു.
കെ.എൻ.എം മർകസുദ്ദഅവതളിപ്പറമ്പ മണ്ഡലം പ്രസിഡൻ്റ് കായക്കുൽ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി സുലൈമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ.സി റിയാസ്, എം.എസ്.എം ജില്ലാ പ്രസിഡൻ്റ് കെ.കെ.പി ബാസിത്ത്, കെ.വി നൂറുദ്ദീൻ, സി.പി അനസ് എന്നിവർ പ്രസംഗിച്ചു.